
മുംബൈ: തന്റെ മേലുദ്യോഗസ്ഥനുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ച രണ്ടാം ഭാര്യയെ ഭർത്താവ് തലാഖ് ചൊല്ലി (Man Gives Triple Talaq to Wife ). മഹാരാഷ്ട്രയിലെ കല്യാണിൽ ആണ് സംഭവം. മേലുദ്യോഗസ്ഥനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടി രണ്ടാം ഭാര്യയെ പീഡിപ്പിക്കുക മാത്രമല്ല, പ്രതിമാസം 15 ലക്ഷം രൂപ നൽകണമെന്ന് മാതാപിതാക്കളോട് പറയാൻ ആവശ്യപ്പെട്ട് ഇയാൾ പീഡിപ്പിക്കുകയും ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. കുറ്റാരോപിതനായ സൊഹൈൽ ഷെയ്ഖ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്നയാളാണെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടുകൾ അനുസരിച്ച് , 2024 ജനുവരിയിലാണ് പരാതിക്കാരിയായ യുവതിയും പ്രതിയായ സൊഹൈലും തമ്മിൽ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ സൊഹൈൽ തൻ്റെ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാൻ ആഗ്രഹിക്കുന്നുവെന്നും അതിന് പണം ആവശ്യമാണെന്നും രണ്ടാം ഭാര്യയോട് പറഞ്ഞു.
പ്രതിമാസം 15 ലക്ഷം നൽകണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടാൻ രണ്ടാം ഭാര്യയോട് ഇയാൾ സമ്മർദ്ദം ചെലുത്തിയത് ഇതിനാലാണ്. എന്നാൽ യുവതി ഇതിന് സമ്മതിക്കാതെ വന്നതോടെ ഒരു പാർട്ടിയിൽ വച്ച് തന്റെ ബോസുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭാര്യയെ ഇയാൾ നിർബന്ധിക്കുകയും , ഇതിനായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇതും ഭാര്യ നിരസിച്ചതോടെ ഇയാൾ യുവതിയെ മർദിക്കുകയും തലാക്ക് ചൊല്ലിയ ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് വിവരം. പിന്നീട് ഡിസംബർ 19ന് യുവതി ലോക്കൽ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾക്കെതിരെ പരാതി നൽകി. കേസ് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ, കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.