24 വയസ് മാത്രം പ്രായം ! കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി ഗ്രീഷ്മ | Greeshma, the youngest female convict sentenced to death in Kerala

ഇപ്പോൾ സംസ്ഥാനത്ത് വധശിക്ഷ കാത്ത് കഴിയുന്ന രണ്ടാമത്തെ മാത്രം സ്ത്രീയായും ഇവർ മാറി. ഗ്രീഷ്മയെക്കൂടാതെ കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കഴിയുന്നത് റഫീഖ ബീവിയാണ്
24 വയസ് മാത്രം പ്രായം ! കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി ഗ്രീഷ്മ | Greeshma, the youngest female convict sentenced to death in Kerala
Published on

കേരളത്തിലെ നീതിന്യായ ചരിത്രത്തിലെ ഒരു പുതിയ ഏടാണ് പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിലൂടെ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി എഴുതിച്ചേർത്തത്. കേരളത്തിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന വനിതാ കുറ്റവാളികളിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 24 വയസുമാത്രം പ്രായമുള്ള ഗ്രീഷ്മ. ഇപ്പോൾ സംസ്ഥാനത്ത് വധശിക്ഷ കാത്ത് കഴിയുന്ന രണ്ടാമത്തെ മാത്രം സ്ത്രീയായും ഇവർ മാറി. ഗ്രീഷ്മയെക്കൂടാതെ കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കഴിയുന്നത് റഫീഖ ബീവിയാണ്. ഇവർ വിഴിഞ്ഞം മുല്ലൂരിൽ ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. (Greeshma, the youngest female convict sentenced to death in Kerala )

ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകിയ കോടതി വ്യക്തമാക്കിയത് പ്രായം പരിഗണിക്കാൻ സാധിക്കില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നുമാണ്. വിധി നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയുടേതാണ്. ​പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന വാദം പരിഗണിക്കാൻ സാധിക്കില്ലെന്നാണ് കോടതി അറിയിച്ചത്. മൂന്നു ദിവസം നീണ്ട അന്തിമവാദം നേരത്തെ പൂർത്തിയായിരുന്നു. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരെ 3 വർഷം തടവിനാണ് കോടതി ശിക്ഷിച്ചത്. മൂന്നാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി തെളിവുകളുടെ അഭാവത്തിൽ നേരത്തെ വെറുതെ വിട്ടിരുന്നു. വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടിയത് പ്രതി ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും, ഇത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും ആണ്.

കേസിൽ 586 പേജുള്ള വിധിപ്രസ്താവമാണ് ഉള്ളത്. ദൃക്‌സാക്ഷികൾ ഇല്ലാത്ത ഈ കേസിൽ സാഹചര്യത്തെളിവുകളെ കൂട്ടിയിണക്കി അതിസമർത്ഥമായി പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിച്ച അന്വേഷണ സംഘത്തെ കോടതി അഭിനന്ദിച്ചു. ശിക്ഷ വിധിച്ചത് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ആണ്. പാറശ്ശാലക്ക് സമീപം സമുദായപ്പറ്റ് ജെ.പി ഭവനില്‍ ജയരാജിൻ്റെ മകൻ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് ഗ്രീഷ്‌മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

ഷാരോൺ വധക്കേസിൻ്റെ വിധി വന്നതോടെ കേരളത്തിൽ വധശിക്ഷ കാത്ത് കഴിയുന്ന കുറ്റവാളികളുടെ ആകെ എണ്ണം 40 ആയി. കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 34 വർഷങ്ങൾക്ക് മുൻപാണ്. ശരിക്കും പറഞ്ഞാൽ, 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. അന്ന് തൂക്കിക്കൊന്നത് 14 പേരെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെയാണ്.

അതേസമയം, തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാനമായി തൂക്കിലേറ്റിയത് 1974 ലാണ്. അന്ന് തൂക്കുകയർ ലഭിച്ചത് കളിയിക്കാവിള സ്വദേശി അഴകേശനാണ്. സംസ്ഥാനത്തെ രണ്ടു ജയിലുകളിലാണ് കഴുമരമുള്ളത്, തിരുവനന്തപുരം പൂജപ്പുരയിലും കണ്ണൂർ സെൻട്രൽ ജയിലിലും.

2022 ഒക്ടോബർ 25നാണ് ജ്യൂസ് കുടിച്ചതിനെ തുടർന്ന് അവശനിലയിലായി തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ചികിത്സയിലായിരുന്ന ഷാരോൺ മരണപ്പെടുന്നത്. മരണത്തിൽ സംശയം ആരോപിച്ച് കുടുംബാംഗങ്ങള്‍ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്. കേസന്വേഷണത്തിൻ്റെ തുടക്കം മുതൽ സംശയത്തിൻ്റെ ആദ്യമുന തന്നെ ഗ്രീഷ്മയ്ക്കു നേരെയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യമൊക്കെ താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ ശ്രമിച്ച ഗ്രീഷ്മയ്ക്ക് പക്ഷേ അധികം പിടിച്ചു നിൽക്കാനായില്ല. ഗ്രീഷ്മയുടേതായി പിന്നീട് രേഖപ്പെടുത്തിയ മൊഴികൾ ഓരോന്നായി പുറത്തുവന്നപ്പോൾ തെളിഞ്ഞത് കൊടുംക്രൂരതയായിരുന്നു. ‍‌

2022 ഒക്ടോബർ 31ന് ഗ്രീഷ്മയെ പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് 111 ദിവസത്തെ ജയിൽവാസത്തിനു ശേഷം 2023 സെപ്റ്റംബർ 25ന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു. രാവിലെ കോടതിയിൽ എത്തിച്ചപ്പോൾ മുതൽ കരയുകയായിരുന്ന ഗ്രീഷ്മ വിധി വന്ന സമയത്ത് നിർവ്വികാരയായി കാണപ്പെട്ടു. സമൂഹത്തിൽ ഒളിച്ചിരിക്കുന്ന ഇതുപോലെയുള്ള ഗ്രീഷ്മമാരോട് പറയാനുള്ളത് ഒരു കാര്യം മാത്രം, സ്നേഹം ഉപേക്ഷിക്കണം എന്നുണ്ടെങ്കിൽ ജീവൻ ഉപേക്ഷിക്കണം എന്ന് മറ്റൊരാളോട് പറയേണ്ട ആവശ്യമില്ല !

Related Stories

No stories found.
Times Kerala
timeskerala.com