
+8, +85, +65 എന്നിങ്ങനെ തുടങ്ങുന്ന രാജ്യാന്തര നമ്പരുകളിൽ നിന്നുള്ള കോളുകൾ സ്വീകരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദേശിച്ചു.കൂടാതെ, അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള വഞ്ചനാപരമായ കോളുകളെ കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.(Govt Warns of Spoofed International Calls)
രാജ്യം മുഴുവൻ ഡിജിറ്റലൈസേഷനിലേക്ക് നീങ്ങുമ്പോൾ ദിനംപ്രതി പുതിയ വഴികളിലൂടെ തട്ടിപ്പുകൾ ഉയർന്നുവരുന്നു.
ഇപ്പോൾ അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് ആരെയെങ്കിലും ബന്ധപ്പെടുന്ന തട്ടിപ്പുകാർ, സർക്കാർ ഉദ്യോഗസ്ഥരാണെന്ന് നടിച്ച് പണം തട്ടുന്നതും പതിവാണ്.
കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇങ്ങനെ പറയുന്നു.
"വ്യാജ കോളുകൾ തടയുന്നതിനുള്ള സംവിധാനം ഒക്ടോബർ 22 ന് ടെലികോം വകുപ്പ് അവതരിപ്പിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 1.35 കോടി കോളുകൾ, അതായത് രാജ്യാന്തര നമ്പറുകളിൽ നിന്ന് ഇന്ത്യൻ നമ്പറുകളിലേക്കുള്ള 90 ശതമാനം കോളുകളും വ്യാജ കോളുകളാണെന്ന് തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തു.
ഇപ്പോൾ രാജ്യാന്തര നമ്പറുകൾ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. അതിനാൽ, അപരിചിതമായ അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകുന്നതിൽ ശ്രദ്ധാലുവായിരിക്കുക. ഇത്തരം കോളുകൾ വന്നാൽ 'സഞ്ചാർ സതി' എന്ന വെബ്സൈറ്റ് വഴി പരാതി നൽകണം.
+91-ന് പകരം +8, +85, +65 എന്ന് തുടങ്ങുന്ന അന്താരാഷ്ട്ര നമ്പറുകളിൽ നിന്നും വിളിച്ച് ആണ് തട്ടിപ്പുകാർ ആൾമാറാട്ടം നടത്തുന്നത്.
ഇത്തരം കോളുകൾ തടയാൻ ടെലികോം വകുപ്പ് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.നിലവിൽ, അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള കോളുകൾ അന്താരാഷ്ട്ര കോളുകളായി അടയാളപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യ എയർടെൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മറ്റ് കമ്പനികളും സാധ്യതകൾ ആരായുകയാണ്," വിജ്ഞാപനത്തിൽ പറയുന്നു.
അതിനിടെ, ഇന്ത്യൻ ടെലികോം കമ്പനികൾ 'കോളർ ട്യൂൺ', എസ്എംഎസ് എന്നിവയിലൂടെ വ്യാജ കോളുകളെ കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാനും തുടങ്ങിയിട്ടുണ്ട്.