
ജാമുയി: ബീഹാറിൽ വിഷം കലർന്ന മദ്യം കഴിച്ച് ആളുകൾ മരിക്കുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യം ബീഹാറിലേക്ക് എത്തുന്നത് തുടരുന്നു. പ്രത്യേകിച്ചും ഉത്സവ വേളകളിൽ, മദ്യമാഫിയ സജീവമാകുകയും ബീഹാറിലെ ചെറിയ ജില്ലകളിലേക്കും പട്ടണങ്ങളിലേക്കും വൻതോതിൽ മദ്യം എത്തിക്കുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ജാമുയിയിൽ എക്സൈസ് സംഘം വൻതോതിൽ മദ്യം പിടികൂടിയത് ഇക്കാര്യങ്ങൾ ശരിയാണെന്നു അടിവരയിടുന്നതാണ് (Foreign liquor worth lakhs seized in Bihar).
ബീഹാറിൻ്റെയും ജാർഖണ്ഡിൻ്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ജാമുയിയിൽ, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംഘം ഉപരോധം സൃഷ്ടിച്ച് അനധികൃത മദ്യത്തിനെതിരെ തുടർച്ചയായി നടപടിയെടുക്കുന്നു. ഇതിനിടെ പിക്കപ്പ് വാനിൽ നിന്ന് രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ഇംഗ്ലീഷ് മദ്യം എക്സൈസ് സംഘം കണ്ടെടുത്തു. ഈ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിയോഘറിലെ റിഖിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ആം ഗച്ചി ഗ്രാമത്തിൽ താമസിക്കുന്ന കാംദേവ് ദാസിൻ്റെ മകൻ രാജീവ് കുമാറാണ് അറസ്റ്റിലായത്. നിലവിൽ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും എവിടേക്കാണ് മദ്യം കടത്തിവിടുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്.
റിപ്പോർട്ടുകളനുസരിച്ച്, പട്രോളിംഗിനിടെ, ജാമുയിയിലെ എക്സൈസ് ഡിപ്പാർട്ട്‌മെൻ്റ് പോലീസ് സിമുൽത്തലയിൽ നിന്ന് അതിവേഗം വരുന്ന പിക്കപ്പ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വാഹനവുമായി കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിക്കപ്പ് വാൻ തിരഞ്ഞപ്പോൾ,വാനിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ മദ്യം ഒളിപ്പിച്ച നിലയിലായിരുന്നു. 240 കുപ്പികളും 159 ലിറ്റർ വിദേശമദ്യവും കണ്ടെടുക്കുകയായിരുന്നു.