

ബംഗളൂരു: സ്വകാര്യ ഫോട്ടോകൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് യുവതിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി മർദിച്ചു. കർണാടകയിലെ ബന്നാർഘട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്, പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതിയായ സികെ പാളയ സ്വദേശി മുരളി എന്നയാളാണ് യുവതിയെ ഒന്നര വർഷത്തോളമായി പീഡിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, സ്ത്രീ തൻ്റെ പാദരക്ഷകൾ കൊണ്ട് പരസ്യമായി ഇയാളെ മർദിക്കുന്നതായി കാണാം.
കുറ്റാരോപിതനായ മുരളി മുമ്പ് യുവതിയുടെ വീട്ടിൽ ഗീസർ സ്ഥാപിക്കാൻ പോയിരുന്നു. വീട്ടിൽ ഗീസർ ഘടിപ്പിച്ച ശേഷം രഹസ്യമായി അതിനുള്ളിൽ ക്യാമറ വച്ച് ചിത്രങ്ങൾ പകർത്തിയതായാണ് പരാതി. പിന്നീട് ഈ ദൃശ്യങ്ങളും, യുവതി കുളിക്കുന്ന വീഡിയോകളും കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്തു പീഡിപ്പിക്കുകയായിരുന്നു.
വിളിക്കുന്ന സമയത്ത് വരണം , തന്റെ ആവശ്യങ്ങൾക്ക് വഴങ്ങണം, ഇല്ലെങ്കിൽ ചിത്രങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. താൻ പറയുന്ന സ്ഥലത്ത് എത്തണമെന്ന് പറഞ്ഞ് മുരളി ഇന്നലെയും യുവതിയെ ശല്യപ്പെടുത്തിയിരുന്നു. ഇലക്‌ട്രോണിക്‌സ് സിറ്റി ബസ് സ്റ്റാൻഡിന് സമീപത്തായി എത്തണമെന്നായിരുന്നു മുരളി യുവതിയോട് പറഞ്ഞിരുന്നത്.
തുടർന്ന് യുവതി അറിയിച്ചതനുസരിച്ച് എത്തിയ ആൾക്കാരാണ് മുരളിയെ കുടുക്കിയത്. ഇയാളുടെ മൊബൈൽ ഫോണും ബൈക്കിൻ്റെ താക്കോലും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ പോലീസിന് കൈമാറുകയും ചെയ്തു.