
പത്തനംതിട്ട: ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം മക്കളുമായി കടന്നുകളഞ്ഞു. പത്തനംതിട്ട മൈലപ്ര കോട്ടമലയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കോട്ടമല ഓലിക്കല്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)നെയാണ് ഭര്‍ത്താവ് തിരുവനന്തപുരം സ്വദേശി വിവിൽ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അശ്വതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്,ര്‍ത്താവ് തിരുവനന്തപുരം സ്വദേശി വിവിലിനായി (30) പോലീസ് തിരച്ചില്‍ തുടങ്ങി. എട്ടും മൂന്നും വയസ്സുള്ള കുട്ടികൾ ഇയാൾക്കൊപ്പമുണ്ടെന്നാണ് നിഗമനം.
വര്‍ഷങ്ങളായി തിരുവനന്തപുരത്തായിരുന്നു അശ്വതിയും വിവിലും താമസിച്ചിരുന്നത്. സ്ഥിരമായി മദ്യപിച്ച് ഉപദ്രവിക്കുന്നുവെന്ന കാരണത്താല്‍ പത്തുമാസം മുന്‍പാണ് അശ്വതി മക്കള്‍ക്കും തന്റെ അമ്മയ്ക്കും ഒപ്പം മൈലപ്രയില്‍ വാടകയ്ക്കു താമസിക്കാനെത്തിയത്. താമസം തുടങ്ങി രണ്ടുമാസത്തിനുശേഷം വിവില്‍ ബന്ധുക്കളുമായി എത്തി കുടുംബപ്രശ്നം പറഞ്ഞു തീർക്കുകയായിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും പ്രശനങ്ങൾ ഉണ്ടാകുകയും വിവിൽ അശ്വതിയെ ആക്രമിക്കുകയും ചെയ്തത്..