
ഷിമോഗ : തെരുവ് നായയെ ക്രൂരമായി കൊന്നശേഷം, ഓട്ടോയിൽ കെട്ടിവലിച്ച് കൊണ്ടുപോയ സംഭവത്തിൽ ഡ്രൈവറായ പ്രതി അറസ്റ്റിൽ (Man arrested for brutally killing street dog). ഹൊസാനഗർ താലൂക്കിലെ റിപ്പൻപേട്ടിലെ കെഞ്ചനാല ഗ്രാമത്തിൽ ജനുവരി 16 നാണ് സംഭവം നടന്നത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് പ്രതിയായ വജീദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കെഞ്ചനല വില്ലേജിലെ റെയിൽവേ സ്റ്റേഷന് സമീപം ഉറങ്ങിക്കിടന്ന നായയുടെ മേൽ പ്രതി വജീദ് വലിയ കല്ല് എടുത്ത് എറിയുകയായിരുന്നു. ഈ സമയം നായ നിലവിളിക്കാൻ തുടങ്ങി. ഇതിൽ തൃപ്തനാകാതെ പ്രതി വീണ്ടും അതേ കല്ല് ഉയർത്തി നായയുടെ തലക്ക് അടിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തിൽ , നായ സംഭവസ്ഥലത്ത് തന്നെ ചത്തു. തുടർന്ന് ഇയാൾ നായയെ തന്റെ ഓട്ടോറിക്ഷയുടെ പിന്നിൽ കെട്ടിയിട്ട് ക്രൂരമായി റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന നാട്ടുകാരനായ യുവാവ് മൊബൈൽ ഫോണിൽ വീഡിയോ പകർത്തി. പിന്നീട് ഈ വീഡിയോയും വിവരങ്ങളും യുവാവിൻ്റെ മൊബൈൽ ഫോണിൽ നിന്ന് മനേക ഗാന്ധിക്ക് അടക്കം അയച്ചു കൊടുക്കുകയായിരുന്നു.
സന്ദേശം അയച്ച് 45 മിനിറ്റിനുള്ളിൽ പ്രതികരിച്ച മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി, ഉടൻ തന്നെ ലോക്കൽ പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകണമെന്ന് യുവാവിനോട് ഉപദേശിക്കുകയായിരുന്നു.
വീട്ടിൽ വളർത്തിയ കോഴികളെ നായ തിന്നതിൻ്റെ ദേഷ്യത്തിലാണ് പ്രതി ഇങ്ങനെ ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.