
ബെംഗളൂരു: പരാതിപ്പെടാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി (Sexual assault against woman). കർണാടക പോലീസ് സേനക്ക് ആകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ, തുമകൂർ ജില്ല മധുഗിരി സബ് ഡിവിഷനിലെ ഡിവൈഎസ്പി രാമചന്ദ്രപ്പയെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പരാതി പറയാനെത്തിയ യുവതിയെ ഡിവൈഎസ്പി കയറിപ്പിടിച്ചു എന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഡിവൈഎസ്പി ഒളിവിൽ പോയതെന്നാണ് സൂചന.
പാവഗഡ സ്വദേശിനിയായ യുവതിയാണ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ യുവതിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഓഫീസിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇത് മൊബൈൽ ഫോണിൽ പകർത്തിയ ഒരാൾ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാക്കി. ആഭ്യന്തരമന്ത്രിയുടെ സ്വന്തം ജില്ലയിൽ നടന്ന ഈ സംഭവം സർക്കാരിന് നാണക്കേടായി. ഇതോടെയാണ് ഡിജിപി സർവീസിൽ നിന്ന് ഇയാളെ സസ്പെൻഡ് ചെയ്തത്.