
ബീഹാർ: വാഹന പരിശോധനയ്ക്കിടെ ഗോപാൽഗഞ്ച് പോലീസ്, ബസിൽ നിന്ന് 45 കിലോഗ്രാം ആമത്തോൽ കണ്ടെടുത്തു (Turtle skin seized). സംഭവത്തിൽ രണ്ട് കള്ളക്കടത്തുകാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ആമയുടെ തോലിന് വില കണക്കാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
കുച്ചയ്ക്കോട്ടിലെ ബൽത്താരി ചെക്ക് പോസ്റ്റിലാണ് സംഭവം. നിലേഷ് കുമാർ, രാജുകുമാർ എന്നിവരാണ് പിടിയിലായത്. ഇരുവരും യുപിയിലെ ഗോരഖ്പൂർ സ്വദേശികളാണെന്നാണ് റിപ്പോർട്ട്. പോലീസിൻ്റെ ചോദ്യം ചെയ്യലിൽ, യുപിയിൽ നിന്ന് ബംഗാളിലേക്ക് കടലാമയുടെ തോൽ കൊണ്ടുപോകുകയായിരുന്നുവെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. അവിടെ നിന്നാണ് ആമത്തോൽ വൻ തുകക്ക് വിദേശരാജ്യങ്ങളിലേക്ക് എത്തിക്കുന്നതെന്നും പ്രതികളുടെ മൊഴിയിൽ പറയുന്നു.
വാഹന പരിശോധനയ്ക്കിടെ ഒരു ബസ് യാത്രക്കാരനിൽ നിന്ന് 06 ബാഗുകളിൽ നിന്നാണ് 45 കിലോയോളം ആമത്തോൽ കണ്ടെടുത്തത്. സദർ എസ്ഡിപിഒ പ്രഞ്ജാൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. പിടിയിലായ കള്ളക്കടത്തുകാരനെതിരെ ഇന്ത്യൻ വന്യജീവി നിയമപ്രകാരം കേസെടുത്ത് ജയിലിലേക്ക് അയക്കും.