
പട്ന: ബീഹാറിൽ സ്ത്രീധന മരണങ്ങൾ കൂടുന്നത് തടയാൻ സർക്കാർ കർശന നിയമങ്ങൾ കൊണ്ട് വരുമ്പോഴും ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങൾക്ക് കുറവ് വരുന്നില്ല (Dowry harassment). ഇത്തരത്തിൽ ബിഹാറിലെ , മധുബാനി ജില്ലയിൽ നിന്നാണ് ഏറ്റവും പുതിയ സംഭവം പുറത്ത് വരുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വിവാഹിതയായ ഒരു സ്ത്രീയെ തല്ലിക്കൊന്നതായാണ് റിപ്പോർട്ട്. ഉടൻ തന്നെ നടപടി സ്വീകരിച്ച പോലീസ് പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു. അതേസമയം , സംഭവത്തിൽ പ്രതികളായ അമ്മായിയമ്മയും അമ്മായിയപ്പനും ഉൾപ്പെടെ മറ്റ് നാല് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ലൗഖാഹ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബസുദേവ്പൂർ പഞ്ചായത്തിലെ ബിഷൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹിതയായ ഒരു സ്ത്രീയെ ഭർതൃവീട്ടിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയതായാണ് കേസ്. കൊലപാതകത്തിന് മുമ്പ്, പ്രതിയായ ഭർത്താവ് ഭാര്യയെ മർദിക്കുന്നതിന്റെ വീഡിയോ എടുത്ത് യുവതിയുടെ മാതാപിതാക്കൾക്ക് അയച്ചു കൊടുക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് മർദന സംഭവം നടന്നത്, അതേ രാത്രിയിൽ തന്നെ വിവാഹിതയായ സ്ത്രീ കൊല്ലപ്പെടും ചെയ്തു. തുടർന്ന് യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.
ഗുൽനാസ് ഖാത്തൂൺ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുഹമ്മദ് ഇദ്രിഷ് ആണ് യുവതിയെ ദാരുണമായി കൊലപ്പെടുത്തിയത്. ഫുൾപാരസ് പോലീസ് സ്റ്റേഷൻ പരിധിയിലെ പകാരിയയിൽ താമസിക്കുന്ന മുഹമ്മദുമായി 11 മാസം മുമ്പാണ് ഗുൽനാസ് വിവാഹിതയായത്.വിവാഹത്തിനു യുവതിയുടെ വീട്ടുകാർ സ്ത്രീധനം നൽകിയിരുന്നെങ്കിലും, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഭാര്യയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും, ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.