തൃശൂർ: കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയായ ശ്രീനാഥിന്റെ മരണം ക്രൂരമായ മർദ്ദനത്തെത്തുടർന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ സ്കൂളിലെ കെയർടേക്കറായ മഹേഷിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.(Doctor’s suspicions unravels the murder of special school inmate)
ഈ മാസം ഒന്നാം തീയതിയാണ് ശ്രീനാഥിനെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കിടെ ശരീരത്തിൽ ഉരഞ്ഞ പാടുകൾ കണ്ടതാണ് പോലീസിന് സംശയമുണ്ടാക്കിയത്. തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് എച്ച്.ഒ.ഡി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, വടികൊണ്ടും കൈകൊണ്ടും ഏറ്റ മർദ്ദനമേറ്റ് ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് പിന്നാലെ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ മഹേഷ് കുറ്റം സമ്മതിച്ചു. ഓട്ടിസം ബാധിതനായ ശ്രീനാഥിനെ നിയന്ത്രിക്കാനെന്ന പേരിൽ മഹേഷ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

