
ക്വാലാലംപൂർ: ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്ന് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 11.42 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മലേഷ്യൻ ഹൈക്കോടതി. മലേഷ്യയിൽ നിന്നുള്ള പുനിത മോഹൻ (36) എന്ന യുവതി തൻ്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുന്നതിനിടെ മരണപ്പെട്ട സംഭവത്തിലാണ് കോടതിയുടെ നടപടി. പ്രസവാനന്തര രക്തസ്രാവം മൂലമാണ് യുവതി മരണപ്പെട്ടത്. 2019 ജനുവരി 9 നാണ് സംഭവം.
ഡോ.രവിയുടെ മേൽനോട്ടത്തിൽ ജനുവരി ഒമ്പതിന് പുനിത പ്രസവിച്ചു. എന്നാൽ പിന്നാലെ കഠിനമായ വേദനയും , രക്തസ്രാവവും മൂലം യുവതി മരണപ്പെടുകയായിരുന്നു.കുഞ്ഞിനെ പ്രസവിച്ച പുനിത മോഹനെ ഡോക്ടർമാർ ശരിയായ പരിചരണം നൽകാതെ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് പ്രസവശേഷം രക്തം വാർന്നു മരണപ്പെടുകയായിരുന്നു എന്നാണ് കേസ്.
ഡോക്ടർമാരായ രവി, ഷൺമുഖം, ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് നഴ്‌സുമാർ എന്നിവരുടെ അനാസ്ഥ മൂലമാണ് പുനിത മരിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പ്രസവാനന്തര കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വർഷങ്ങളുടെ അനുഭവപരിചയത്തിന് ശേഷവും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നത് നഴ്‌സുമാർക്ക് വിട്ടുവെന്നും ആരോപണം ഉയർന്നിരുന്നു.
പുനിതയുടെ നില വഷളായതോടെ നഴ്സുമാർ ഡോക്ടർമാരെ തേടി. അപ്പോൾ അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുന്നു- എന്നും കുടുംബം ആരോപിച്ചിരുന്നു.
ഈ സാഹചര്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഭീമമായ തുക തന്നെ യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി വിധിച്ചത്.