
ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ 39 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് 11.8 കോടി രൂപ നഷ്ടമായി ( Digital Arrest Scam).നവംബർ 25നും ഡിസംബർ 12നും ഇടയിലാണ് തട്ടിപ്പ് നടന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് നവംബർ 11 ന് ഇരയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ആദ്യത്തെ കോൾ ലഭിച്ചു. ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ സിം കാർഡ് നിയമവിരുദ്ധമായ പരസ്യങ്ങൾക്കും, ശല്യപ്പെടുത്തുന്ന സന്ദേശങ്ങൾക്കുമായി ഉപയോഗിച്ചു എന്നായിരുന്നു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ഫോണിൽ ബന്ധപ്പെട്ട ആൾ പറഞ്ഞത്.
മുംബൈയിലെ കൊളാബ സൈബർ പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിങ്ങളെ ഡിജിറ്റലായി അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ വന്ന് അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തി.
ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും വിളിച്ച ആൾ മുന്നറിയിപ്പ് നൽകി. തുടർന്ന് 'സ്കൈപ്പ്' ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. വീഡിയോ കോളിൽ സംസാരിച്ച ആൾ പോലീസ് യൂണിഫോമിലായിരുന്നു.
'നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് വൻ തട്ടിപ്പ് നടക്കുന്നുണ്ട്' എന്ന് അദ്ദേഹം സോഫ്റ്റ്‌വെയർ എഞ്ചിനീയറോട് ഇയാൾ പറഞ്ഞു. 'കേസ് സുപ്രീം കോടതിയിൽ വിചാരണയിലാണ്. ഞങ്ങൾ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ കുടുംബത്തെ മുഴുവൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി.
ഇത് സോഫ്റ്റ്‌വെയർ എഞ്ചിനീയറെ പരിഭ്രാന്തിയിലാക്കി.തുടർന്ന് ഫോണിൽ വിളിച്ച ആൾ പറഞ്ഞതുപോലെ എല്ലാം ചെയ്തു. അറസ്റ്റ് ഭയന്ന് ഒന്നിലധികം ഇടപാടുകളിലായി 11.8 കോടി രൂപ ഓൺലൈനായി തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. ഓരോ തവണയും പണം അയച്ചുകഴിഞ്ഞാൽ ആളുകൾ വീണ്ടും ചോദിക്കാറുണ്ടായിരുന്നു. ഇതാണ് സോഫ്‌റ്റ്‌വെയർ എഞ്ചിനീയർക്ക് സംശയം തോന്നിയത്. കബളിപ്പിക്കപ്പെട്ടതാകാമെന്ന് സംശയിച്ച് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളിൽ നിന്നും തട്ടിപ്പുകാർ പണം തട്ടിയതായി സ്ഥിരീകരിച്ചു.
വഞ്ചനയ്ക്കും ആൾമാറാട്ടത്തിനും ഐടി നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബെംഗളൂരു പോലീസാണ് ഇക്കാര്യം അറിയിച്ചത്.