പാലക്കാട്: കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. തട്ടിപ്പ് സംഘം എംഎൽഎയെ ബന്ധപ്പെട്ടത് മുംബൈയിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.(Digital arrest fraud attempt against Kongad MLA, Investigation to Mumbai)
ശനിയാഴ്ച രാവിലെയാണ് എംഎൽഎയ്ക്ക് മുംബൈയിൽ നിന്നാണെന്ന വ്യാജേന ഫോൺ കോൾ ലഭിച്ചത്. പഹൽഗാം തീവ്രവാദ ആക്രമണത്തിൽ ഉൾപ്പെട്ട പ്രതികൾ ഉപയോഗിച്ചത് എംഎൽഎയുടെ പേരിലുള്ള സിം കാർഡ് ആണെന്നും, ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും പറഞ്ഞ് തട്ടിപ്പുകാർ ഭയപ്പെടുത്തി.
മുംബൈ എടിഎസ് ഉദ്യോഗസ്ഥരെന്നും, മറ്റും പരിചയപ്പെടുത്തിയാണ് പ്രതികൾ സംസാരിച്ചത്. യൂണിഫോം ധരിച്ച വ്യക്തികൾ വീഡിയോ കോളിലെത്തി. ആധാർ വിവരങ്ങൾ ഉൾപ്പെടെ ചോദിച്ചറിഞ്ഞ തട്ടിപ്പുകാർ എംഎൽഎയെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കാനാണ് ശ്രമിച്ചത്. സംശയം തോന്നിയ എംഎൽഎ ഉടൻ തന്നെ ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നൽകുകയായിരുന്നു.

