
നോയിഡ: രാജ്യത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് (Digital Arrest Fraud). നോയിഡയിലെ സെക്ടർ 77ൽ താമസിക്കുന്ന സ്മൃതി സെംവേൽ എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത് . കഴിഞ്ഞ എട്ടാം തീയതി പ്രിയ ശർമ്മ എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീ സ്മൃതിയെ സെൽ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. താൻ സൈബർ ക്രൈം യൂണിറ്റിൽ നിന്നാണ് സംസാരിക്കുന്നതെനന്നായിരുന്നു ഇവർ യുവതിയോട് പറഞ്ഞത്.
മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്,ആധാർ നമ്പർ ഉപയോഗിച്ചുള്ള അനധികൃത പണമിടപാടുകൾ എന്നിവയിൽ യുവതി ഉൾപ്പെട്ടിരുന്നതായി ഇവർ പറഞ്ഞു. തുടർന്ന് യുവതിയെ ഡിജിറ്റലായി അറസ്റ്റ് ചെയ്യുകയായണെന്നും , അക്കൗണ്ടിൽ ഉള്ള തൂവുക തങ്ങൾ പറയുന്ന അക്കൗണ്ടിലേക്ക് മാറ്റണമെന്നും നിർദ്ദേശിച്ചു. ഇതനുസരിച്ച് യുവതി 1.40 ലക്ഷം രൂപ തട്ടിപ്പ് സംഘം നൽകിയ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു.
തുടർന്ന് തട്ടിപ്പ് സംഘം തന്നെ കബളിപ്പിച്ചതായി മനസ്സിലാക്കിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഞങ്ങൾ വിഷയം സജീവമായി അന്വേഷിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
ഭക്ഷണവും ഉറക്കവുമില്ലാതെ അടച്ചിട്ട മുറിയിൽ കഴിഞ്ഞത് എട്ടു ദിവസം, നഷ്ടമായത് 16 ലക്ഷം രൂപയും; ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ യുവതി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
ചെന്നൈ : ഡിജിറ്റൽ അറസ്റ്റ് (Digital Arrest Fraud) എന്ന സൈബർ ക്രിമിനലുകളുടെ പുതിയ തട്ടിപ്പ് രീതിയെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ അടക്കം രംഗത്ത് വന്നിട്ടും, ഇതിന് ഇരയാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ഇപ്പോളിതാ തമിഴ്‌നാട്ടിലെ നീലഗിരിയിൽ നിന്നാണ് തട്ടിപ്പിന്റെ മറ്റൊരു വാർത്ത പുറത്ത് വരുന്നത്. യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നീലഗിരി ജില്ലയിലെ കൂനൂർ സ്വദേശിനിയായ 26കാരി കോയമ്പത്തൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വീട്ടിലിരുന്നാണ് ജോലി നോക്കിയിരുന്നത്. ഇതിനിടെ , കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് വിദേശത്ത് നിന്ന് ഒരു ഫോൺ കോൾ വന്നു. ഒരു അന്താരാഷ്ട്ര കൊറിയർ കമ്പനിയുടേതാണെന്ന് അവകാശപ്പെട്ടായിരുന്നു കോൾ, മുംബൈയിൽ നിന്ന് ചൈനയിലേക്ക് പോകുന്ന ഒരു പാഴ്‌സലിൽ മയക്കുമരുന്നുണ്ടെന്നും, നിങ്ങളുടെ ആധാർ കാർഡും പാസ്‌പോർട്ടും മറ്റു രേഖകളും അതേ പാഴ്‌സലിൽ ഉണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. മുംബൈ സൈബർ ക്രൈം പോലീസിൽ നിന്ന് കോൾ വരുമെന്ന് പറഞ്ഞായിരുന്നു സൈബർ ക്രിമിനലുകൾ യുവതിയുമായി ഫോണിൽ ബന്ധപ്പെട്ടത്.
തൊട്ടുപിന്നാലെ സ്‌കൈപ്പ് വീഡിയോ വഴി യുവതിയുമായി ബന്ധപ്പെട്ട ചിലർ യുവതിയെ ഡിജിറ്റലായി അറസ്റ്റ് ചെയ്തതായും അന്വേഷണം കഴിയുന്നതുവരെ മറ്റാരോടുക് ഇക്കാര്യം പറയരുതെന്ന് , ഒരു മുറിയിൽ തനിച്ച് താമസിക്കണം , പുറത്തിറങ്ങരുതെന്നും ഭീഷണിപ്പെടുത്തി. വീടുവിട്ടിറങ്ങുകയോ വിവരം ആരുമായും പങ്കുവയ്ക്കുകയോ ചെയ്യുന്നത് പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇത് ഭയന്ന് 8 ദിവസമായി കൃത്യമായ ഭക്ഷണവും ഉറക്കവുമില്ലാതെ പ്രത്യേക മുറിയിൽ കഴിയുകയായിരുന്നു യുവതി. ഒടുവിൽ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മുഴുവൻ തുകയും അയക്കാൻ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു.
അന്വേഷണത്തിന് ശേഷം പണം തിരികെ നൽകാമെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. തുടർന്ന് യുവതി 16 ലക്ഷം രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്. ഇതോടെ സ്കൈപ്പ് ഉടൻ വിച്ഛേദിക്കപ്പെടുകയും ചെയ്തു. യുവതി പണം തിരികെ ചോദിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവതി നീലഗിരി സൈബർ ക്രൈം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആധുനിക തട്ടിപ്പിനെക്കുറിച്ച് സൈബർ ക്രൈം പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, "ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ വീഡിയോ ലിങ്കുകളിൽ പ്രത്യക്ഷപ്പെട്ട് പണം തട്ടുന്ന പ്രവണത വർധിച്ചുവരികയാണ്. ഈ വർഷം നീലഗിരിയിൽ മാത്രം ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ ഭീഷണിപ്പെടുത്തിയ വിഷയത്തിൽ 28 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 68 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ തട്ടിപ്പിൽ പെടാതെ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു.