
പട്ന: ബിഹാറിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം തുടരുന്നു. കൊലപാതകം, കവർച്ച തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നിരന്തരം സംസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യുന്നത് (Bihar crime). പാറ്റ്‌ന സിറ്റിയിലെ മൽസലാമി പോലീസ് സ്റ്റേഷൻ പരിധിയിലെ പത്തർ ഘട്ട് പ്രദേശത്താണ് ഏറ്റവും പുതിയ കേസ്, രാത്രിയുടെ നിശബ്ദതയിൽ അജ്ഞാതരായ ക്രിമിനലുകൾ ഒരു യുവാവിനെ ഇഷ്ടികയും കല്ലും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകം പ്രദേശമാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
ചൗക്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ മംഗൾ തലാബ് പ്രദേശത്തെ താമസക്കാരനായ മുഹമ്മദ് ഷക്കീൽ ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ ഇതുവരെ അറിവായിട്ടില്ല. നിലവിൽ പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണം ഊര്ജിതമാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.