
കൊച്ചി: നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി (Court grants anticipatory bail to M Mukesh MLA and Edavela babu ) .
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വാദം കേട്ട ശേഷം ഇരുവർക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞത്.
ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്.2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അതേസമയം , മുകേഷ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷന് സ്വീകരിച്ചത്.
സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് എം.മുകേഷിനെ ഒഴിവാക്കി
പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎൽഎയെ സിനിമാ കോൺക്ലേവിന്റെ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി (M Mukesh removed from cinema conclave formation committee). മുകേഷിനെ ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ചുമതല ചലച്ചിത്ര വികസന കോര്പറേഷൻ എംഡി ഷാജി എൻ. കരുണിനാണ്. മഞ്ജു വാര്യര്‍, സംവിധായകന് ബി. ഉണ്ണികൃഷ്ണന്, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി.അജോയ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. വിദേശ ഡെലിഗേറ്റുകൾ അടക്കം 350 പേരെ പങ്കെടുപ്പിക്കാനാണ് ആലോചന. അതേസമയം , ബി.ഉണ്ണികൃഷ്ണനെ സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആഷിഖ് അബു രംഗത്തെത്തിയിരുന്നു.
സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ മുന്നോടിയായി സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവാണ് നവംബറിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്നത്.