
ബെംഗളൂരു: എച്ച്എഎൽ പോലീസ് പരിധിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു (BENGALURU CRIME). സുഹാനി സിംഗ് (25) ആണ് മരണപ്പെട്ടത്. ജനുവരി 12 നായിരുന്നു യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. അതേസമയം , അമ്മാവൻ പ്രവീൺ സിംഗ് നിരന്തരം പീഡിപ്പിച്ചതിനെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. സുഹാനിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും മാതാപിതാക്കറൾക്ക് അയക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ പ്രതിയായ പ്രവീൺ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജനുവരി 12-ന് ഐടിപിഎല്ലിനു സമീപമുള്ള ഒരു ഹോട്ടലിൽ വച്ച് തന്നെ കാണാൻ പ്രവീൺ സിംഗ് സുഹാനിയെ വിളിച്ചിരുന്നു. നിരന്തര പീഡനത്തിൽ മനംനൊന്ത സുഹാനി പെട്രോൾ വാങ്ങിയായിരുന്നു ഹോട്ടലിലേക്ക് പോയത്, അവിടെ വെച്ച് പ്രവീൺ സിംഗിന് മുന്നിൽ വച്ച് യുവതി സ്വയം തീകൊളുത്തുകയായിരുന്നു. ഉടൻ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരയെ അമ്മാവൻ ഉപദ്രവിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വൈറ്റ്ഫീൽഡ്) ഡോ. ശിവകുമാർ ഗുണാരെ പറഞ്ഞു. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരസ്പരം കാണാറുമുണ്ടായിരുന്നു. പ്രവീൺ ഒരു ഹോട്ടലിൽ മുറിയെടുക്കുകയും, തന്നെ കാണാൻ എത്തിയില്ലെങ്കിൽ ഫോട്ടോകളും വീഡിയോകളും പങ്കിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടി സ്വയം പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.
ഞങ്ങളുടെ അന്വേഷണമനുസരിച്ച്, ഇതുവരെ അവർ തമ്മിൽ നല്ല ബന്ധമായിരുന്നു, യുവതി പ്രവീൺ സിങ്ങിനും ഭാര്യക്കുമൊപ്പം യാത്രകൾക്ക് പോലും പോകുമായിരുന്നു. പക്ഷേ, പിന്നീട് പ്രതി അവളെ ശല്യപ്പെടുത്താൻ തുടങ്ങി, അത് കാരണം യുവതി ആത്മഹത്യ ചെയ്തു എന്നും പോലീസ് പറഞ്ഞു.