
അൻവർ ഷരീഫ്
മലപ്പുറം : വാഴക്കാട് ജിയോളജി താൽക്കാലികമായി നിർത്തിവെപ്പിച്ച ആക്കോട് അമ്പലകുഴി ക്വാറി നാട്ടുകാരുടെ പരാതിയെ തുടർന്ന് വാഴക്കാട് പഞ്ചായത്ത് നിയോഗിച്ച സബ് കമ്മിറ്റി പരിശോധിച്ചു (illegal quarrying). വാഴക്കാട് പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ (വാർഡ് മെമ്പർ), മറ്റു സമിതി അംഗങ്ങൾ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് കുറച്ചു ദിവസങ്ങളായി അടച്ചിട്ട അമ്പലക്കുഴി ക്വാറി പൂർണ്ണമായും പ്രവർത്തനം അവസാനിപ്പിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ക്വാറിയുടെ ഖനനത്തിന്റെ ഭയാനകതയും നാട്ടുകാരുടെ ബുദ്ധിമുട്ടുകളും പരിസരത്തുള്ള വീടുകളുടെയും പള്ളി മദ്രസയുടെയും പൊട്ടലും വിള്ളലും നേരിൽ കാണുകയും നാട്ടുകാരുടെ മനസ്സിലാക്കി വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയതായി സമരസമിതി അംഗങ്ങൾ പറഞ്ഞു.
കോറി ഉടമകൾ എല്ലാ സീമകളും ലംഘിച്ചു കൊണ്ട് അനധികൃത ഖനനമാണ് നടക്കുന്നത് എന്നും മൈനിങ്ങിന് ലൈസെൻസിൽ അനുവദിച്ചു നൽകിയ സ്ഥലത്തിന് പുറമേ സർക്കാരിൻറെ മിച്ച ഭൂമിയിലും ആക്കോ ട് ഇസ്ലാമിക് സെൻറർ എന്ന സ്ഥാപനത്തിന്റെ കൈവശമുള്ള വഖ്‌ഫ് ഭൂമിയിലും ഖനനം നടത്തിയതായി നാട്ടുകാർ സബ് കമ്മിറ്റിയെ അറിയിക്കുകയുംചെയ്തു.
വാഴക്കാട് പഞ്ചായത്തിൽ പ്രവർത്തിപ്പിക്കാനുള്ള അനുമതി ദുരുപയോഗം ചെയ്തു പുളിക്കൽ പഞ്ചായത്തിന്റെ സർവേ അതിർത്തികൾ നശിപ്പിച്ചു .അതിലും ഖനനം നടത്തിയിരിക്കുന്നതായും, തൊട്ടടുത്തുള്ള കൃഷിയിടങ്ങളിലേക്ക് കോറിയിൽ നിന്ന് കല്ല് തെറിച്ചു വീഴുകയും മണ്ണൊലിച്ച് ഇറങ്ങുന്നത് കാരണം കർഷകർക്ക് വലിയ പ്രയാസമാണ് നേരിടുന്നത് എന്നും പഞ്ചായത്ത് സബ് കമ്മിറ്റിയെ നാട്ടുകാർ ബോധിപ്പിച്ചു. അതിനുവേണ്ട നടപടികൾ ഉടനെ എടുക്കാമെന്ന് സബ് കമ്മിറ്റി നാട്ടുകാർ ക്ക് ഉറപ്പു നൽകിയതായും, നാട്ടുകാരുടെ പ്രയാസത്തിൽ നാട്ടുകാർക്കൊപ്പം പഞ്ചായത്ത് നിലപാട് എടുത്തിട്ടില്ല എങ്കിൽ നാട്ടുകാരും സമരസമിതിയും ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി കൺവീനർ മുസ്തഫ കരിക്കാട്ടുകുഴി പറഞ്ഞു.