കൊല്ലം: ശൂരനാട് തെക്ക് കുമരൻചിറ ഉത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ഒരുകൂട്ടം ആളുകൾ മർദ്ദിച്ചു. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിനാണ് (23) പരിക്കേറ്റത്. ഇടിവള കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Clashes during festival, BJP district president’s son beaten up in Kollam)
ചൊവ്വാഴ്ച രാത്രി 10:30-ഓടെ കെട്ടുകാഴ്ചയ്ക്കിടെയാണ് സംഭവം നടന്നത്. പൃഥ്വിരാജിനൊപ്പമുണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ ചിലർ മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആർഎസ്എസ് പ്രവർത്തകരാണ് മർദ്ദനത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ സമീപവാസികളായ ആകാശ്, അച്ചു, നന്ദു, കിച്ചു, വിഷ്ണു എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. പ്രതികൾ നിലവിൽ ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

