
പാലക്കാട്: നെന്മാറയിൽ അമ്മയെയും മകനെയും ജാമ്യത്തിലിറങ്ങി വെട്ടിക്കൊന്ന പ്രതി ചെന്താമരയെ കോടതി റിമാൻഡ് ചെയ്തു (Nenmara Murder Case). ഫെബ്രുവരി 12 വരെയാണ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അതേസമയം , യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര ഇന്ന് കോടതിക്ക് മുമ്പാകെയും നിന്നത്. റിമാൻഡ് റിപ്പോർട്ട് പരിഗണിക്കവെ, ശരീരത്തിൽ പരിക്കേറ്റിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തന്നെ 100 കൊല്ലം ശിക്ഷിക്കണമെന്നായിരുന്നു പ്രതി പറഞ്ഞത്. മകൾ എഞ്ചിനിയറാണെന്നും , മരുമകൻ ക്രൈംബ്രാഞ്ചിൽ ആണ് ജോലി ചെയ്യുന്നതെന്ന് , ഇനി ഇവരുടെ മുഖത്ത് നോക്കാൻ കഴിയില്ലെന്നും അതിനാൽ തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്നുമായിരുന്നു ഇയാൾ കോടതിയോട് പറഞ്ഞത്.
അതേസമയം , 2019 ഇയാൾ കൊലപ്പെടുത്തിയ സജിതയുടെ കുടുംബം കാരണമാണ് ഭാര്യ പിരിഞ്ഞുപോയതെന്ന് ചെന്താമര കരുതിയെന്നും, ഇയാൾക്ക് കുറ്റബോധമില്ലെന്നും നേരത്തെ എസ് പി മാധ്യമങ്ങളോട് പറഞ്ഞിരുന്നു, ചെയ്ത കൃത്യത്തിൽ ചെന്താമര സന്തോഷവാനാണെന്നും വ്യക്തമാക്കി. വാർത്താസമ്മേളനത്തിലൂടെയാണ് പോലീസ് പ്രതിയുടെ മൊഴി വിശദീകരിച്ചത്