ചണ്ഡീഗഡ്: പഞ്ചാബ് ബിജെപി ആസ്ഥാനത്തിന് മുന്നിലുണ്ടായ ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നേരിട്ടുള്ള പങ്കുണ്ടെന്ന് പഞ്ചാബ് പോലീസ്. കേസിൽ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 1-ന് വൈകിട്ട് അഞ്ച് മണിയോടെ ചണ്ഡീഗഡ് സെക്ടർ 37-ലെ പാർട്ടി ഓഫീസിന് മുന്നിലായിരുന്നു സംഭവം.(Chandigarh BJP office blast, Police suspect Pakistani spy agency ISI’s involvement; 5 arrested)
ബൽവീന്ദർ ലാൽ, ജസ്‌വീർ സിംഗ്, ചരൺജിത്ത് സിംഗ്, റൂബൽ ചൗഹാൻ, മന്ദീപ് ശർമ്മ എന്നിവരെയാണ് പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗവും ചണ്ഡീഗഡ് പോലീസും ചേർന്ന് പിടികൂടിയത്. സ്ഫോടനം നടത്തിയ അമൻപ്രീത് സിംഗ്, ഗുർത്തേജ് സിംഗ് എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കി.
പോർച്ചുഗൽ, ജർമ്മനി എന്നിവിടങ്ങളിൽ ഇരിക്കുന്ന വിദേശ ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി കടത്തിയ ചൈനീസ് നിർമ്മിത P-86 ഗ്രനേഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് സുഖ്ജീന്ദർ സിംഗ് ബബ്ബാർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഫെബ്രുവരിയിൽ ഗുരുദാസ്പൂരിൽ കൊല്ലപ്പെട്ട രഞ്ജിത് സിംഗിന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ആക്രമണം നടത്തിയതെന്നാണ് ഇയാൾ അവകാശപ്പെട്ടത്.
ഏപ്രിൽ 1-ന് വൈകിട്ട് അഞ്ചോടെ ബൈക്കിലെത്തിയ രണ്ട് പേർ ബിജെപി ഓഫീസിന് മുന്നിലെ പാർക്കിംഗ് ഏരിയയിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. വീര്യം കുറഞ്ഞ സ്ഫോടനമായതിനാൽ ആർക്കും പരിക്കേറ്റില്ലെങ്കിലും സമീപത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഭീതി പടരുകയും ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് ഗ്രനേഡുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

