
ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഈ വർഷം നവംബർ 15 വരെ 6.69 ലക്ഷം സിം കാർഡുകളും 1,32,000 ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്‌തതായി കേന്ദ്ര സർക്കാർ (Govt blocks 6.69 lakh SIM cards). സാങ്കേതിക വിദ്യകൾ അതിവേഗം കുതിക്കുന്ന ഈ കാലഘട്ടത്തിലും സൈബർ കുറ്റകൃത്യങ്ങളും ഗണ്യമായി വർധിച്ചുവരികയാണ്. സൈബർ തട്ടിപ്പുകളും (Cyber Crime) , ഓൺലൈൻ ചൂഷണവും അനുദിനം വർധിച്ചുവരുന്നതായാണ് കിണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് തടയാൻ കേന്ദ്രസർക്കാർ കർശന നടപടിയാണ് സ്വീകരിക്കുന്നത്.ഈ സാഹചര്യത്തിൽ, നടപ്പുവർഷം നവംബർ 15 വരെ 6.69 ലക്ഷത്തിലധികം സിം കാർഡുകളും 1,32,000 ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്തു , എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച് രാജ്യസഭയിൽ ഒരു ചോദ്യത്തിന് കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി സാവിത്രി ഠാക്കൂറിൻ്റെ മറുപടി ഇങ്ങനെ: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി, നിയമ നിർവ്വഹണ ഏജൻസികളുടെയും ജുഡീഷ്യൽ അധികാരികളുടെയും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലാണ് സർക്കാർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി, നടപ്പുവർഷം നവംബർ 15 വരെ 6.69 ലക്ഷത്തിലധികം സിം കാർഡുകളും 1,32,000 ഐഎംഇഐ നമ്പറുകളും ഞങ്ങൾ പ്രവർത്തനരഹിതമാക്കി.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിർഭയ ഫണ്ടിന് കീഴിൽ കേന്ദ്രം 131.60 കോടി രൂപ അനുവദിച്ചു. സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി പ്രത്യേക വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. വ്യാജ ഡിജിറ്റൽ അറസ്റ്റുകൾ, ആൾമാറാട്ട തട്ടിപ്പുകൾ തുടങ്ങി സൈബർ കുറ്റകൃത്യങ്ങൾ തടയാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്- അദ്ദേഹം പറഞ്ഞു.