
ബെംഗളൂരു: ചർച്ച് സ്ട്രീറ്റിലെ ബാങ്ക് ജീവനക്കാരൻ്റെ നാലര ലക്ഷം രൂപ വിലവരുന്ന വജ്രമോതിരം മോഷ്ടിച്ചയാളെ കബ്ബൺ പാർക്ക് പോലീസ് അറസ്റ്റ് ചെയ്തു (Diamond ring stolen). ജനുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗുജറാത്ത് സ്വദേശിയായ സലാത്ത് ദിലീപ് എന്നയാളാണ് അറസ്റ്റിലായത്. സന്ന്യാസിയുടെ വേഷം ധരിച്ച് ചർച്ച് സ്ട്രീറ്റിൽ ഭിക്ഷ തേടുകയായിരുന്നു ഇയാൾ.
ഇതിനിടെ , ബാങ്ക് ജീവനക്കാരനായ ഉജ്ജ്വൽ എന്നയാളെ സമീപിച്ച് ഭിക്ഷ തേടി. എന്നാൽ പണം നൽകാൻ വിസമ്മതിച്ചതോടെ ഉജ്വൽ ധരിച്ചിരുന്ന വജ്രമോതിരം തട്ടിയെടുത്ത് വിഴുങ്ങുന്നതായി നടിച്ച് ദിലീപ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഉജ്വലിൻ്റെ പരാതിയിൽ കബ്ബൺ പാർക്ക് പോലീസ് മണിക്കൂറുകളോളം നീണ്ട സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു.ഇയാളിൽ നിന്നതും മോതിരം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
"ഉജ്വൽ ചർച്ച് സ്ട്രീറ്റിൽ നിൽക്കുമ്പോൾ ഒരു സന്ന്യാസിയുടെ വേഷം ധരിച്ച ഒരാൾ അദ്ദേഹത്തിന്റെ അടുത്ത് വന്ന് ഭിക്ഷ തേടി. പണമില്ലെന്ന് ഉജ്വൽ പറഞ്ഞപ്പോൾ വജ്രം പതിച്ച 10.5 ഗ്രാം സ്വർണമോതിരം ദിലീപ് തട്ടിയെടുത്ത് വായിലിട്ടു. പിറ്റേന്ന് സിദ്ധലിംഗയ്യ സർക്കിളിനു സമീപം മോതിരം വിൽക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് കബ്ബൺ പാർക്ക് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു- ഡപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (സെൻട്രൽ) ശേഖർ എച്ച്.ടി പറഞ്ഞു മാധ്യമങ്ങളോട് പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദിലെ ഗോമതിപൂർ സ്വദേശിയാണ് പ്രതിയെന്ന് ഡിസിപി പറഞ്ഞു. "ഏകദേശം ഒരു മാസം മുമ്പ് ബെംഗളൂരുവിൽ വന്ന അദ്ദേഹം ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്നു, കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു ഇയാൾ ഉറങ്ങിയിരുന്നത്. മോതിരം പോലീസ് പിടിച്ചെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു," ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.