
മുംബൈ : ലിംഗവിവേചനം ഇപ്പോഴും നിലനിൽക്കുന്നു എന്നതിന് തെളിവാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്നും പുറത്ത് വരുന്ന വാർത്ത (Mumbai Crime News).
മഹാരാഷ്ട്രയിലെ പർബാനി ജില്ലയിൽ തുടർച്ചയായി മൂന്ന് പെൺമക്കൾക്ക് ജന്മം നൽകിയ ഭാര്യയെ ഭർത്താവ് ജീവനോടെ കത്തിച്ചതായാണ് റിപ്പോർട്ട്. പർബാനിക്ക് സമീപം ഗംഗാഗേറ്റിലെ താമസക്കാരനാണ് ഉത്തം കാലെ (32). അദ്ദേഹത്തിൻ്റെ ഭാര്യ ഇതിനകം രണ്ട് പെൺമക്കൾക്ക് ജന്മം നൽകി, അടുത്തിടെ മൂന്നാമത്തെ മകൾക്ക് ജന്മം നൽകി. ഇതേ തുടർന്ന്ഭാര്യയോട് കടുത്ത ദേഷ്യത്തിലായിരുന്ന ഉത്തം കാലെ ഇതേച്ചൊല്ലി ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു.
രണ്ട് ദിവസം മുൻപും സമാനമായ രീതിയിൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കുണ്ടായി. പ്രകോപിതനായ ഉത്തം കാലെ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. സഹായത്തിനായി നിലവിളിച്ചുകൊണ്ട് ഭാര്യ വീട്ടിൽ നിന്ന് ഇറങ്ങിയോടി.നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മരിച്ച സ്ത്രീയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഉത്തം കാലെയെ അറസ്റ്റ് ചെയ്തു.