
ചെന്നൈ: പ്രണയത്തിൽ നിന്നും പിന്മാറിയ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവും സുഹൃത്തും അറസ്റ്റിൽ (Attempt to set young woman on fire). യാനഗൗനി പ്രദേശത്ത് താമസിക്കുന്ന 19 വയസ്സുള്ള പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് പോലീസ് നടപടി. യാനഗൗനി സ്വദേശികളായ അർജുൻ (20), സുഹൃത്ത് ജെയിംസ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത് പ്രകാരം, ഒരേ പ്രദേശത്താണ് പെൺകുട്ടിയും പ്രതിയായ അർജ്ജുനും താമസിച്ചിരുന്നത്. ഇതിനിടെ അർജ്ജുനുമായി പരിചയപ്പെട്ട പെൺകുട്ടി, പിന്നീട് ഇയാളുമായി പ്രണയത്തിലാകുകയായിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ അർജ്ജുനിൽ നിന്നുണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പെൺകുട്ടി യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ അർജ്ജുൻ പെൺകുട്ടിയെ പിറകെ നടന്നു ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു.
തുടർന്ന് , കഴിഞ്ഞ 2ന് ജോലി കഴിഞ്ഞ് കല്യാണപുരം പള്ളം ബസ് സ്റ്റോപ്പ് വാൾടാക്‌സ് റോഡിന് സമീപം യുവതി തനിയെ നടന്നു പോകവേ, ബൈക്കിൽ എത്തിയ അർജുനും സുഹൃത്ത് ജെയിംസും ചേർന്ന് യുവതിയെ തടഞ്ഞുനിർത്തി. യുവതിയിയോട് ബന്ധം തുടരണമെന്ന് അർജ്ജുൻ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഈ ആവശ്യം നിഷേധിക്കുകയായിരുന്നു.
ഇതിൽ പ്രകോപിതനായ അർജുൻ ക്യാനിൽ കരുതിയ പെട്രോൾ എടുത്ത് പെൺകുട്ടിയുടെ മേൽ ഒഴിക്കുകയായിരുന്നു. അതോടെ യുവതി ഞെട്ടി ബഹളം വച്ചു. വഴിയാത്രക്കാർ യുവതിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോഴേക്കും, അർജുനും സുഹൃത്ത് ജെയിംസും അവിടെ നിന്ന് ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് യുവതി യാനഗൗനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇതനുസരിച്ച് സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. അന്വേഷണത്തിനൊടുവിൽ യാനഗൗനി സ്വദേശികളായ അർജുൻ (20), സുഹൃത്ത് ജെയിംസ് (20) എന്നിവരെ പിടികൂടി കോടതിയിൽ ഹാജരാക്കി ജയിലിലടക്കുകയായിരുന്നു. ഫുഡ് ഡെലിവറി ബോയ് ആയിട്ടാണ് അർജുൻ ജോലി ചെയ്യുന്നത്. സംഭവത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.