
തൃശൂർ: തൃശൂരിൽ എ ടി എം കവർച്ച നടത്തിയ പ്രതികൾ തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായി. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപ്പെടാൻ ശ്രമം നടത്തി. ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു.(ATM robbery in Thrissur )
തമിഴ്‌നാട് പോലീസുമായി ഏറ്റുമുട്ടലുണ്ടായത് പ്രതികളെ പിന്തുടരുന്നതിനിടെയാണ്. രണ്ട് പോലീസുകാർക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും. തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. കൊള്ളക്കാർ രക്ഷപ്പെടാനായി ഒരുങ്ങിയത് മോഷണ ശ്രമത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാറിലാണ്. കണ്ടെയ്നറിനുള്ളിൽ നിന്നും കാർ കണ്ടെത്തി.
പിടിയിലായത് ആറംഗ സംഘമാണ്. തൃശൂരിലെ മൂന്നിടങ്ങളിൽ എ ടി എം ഇവർ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലാണ് കൊള്ള നടന്നത്.
സി സി ടി വി ക്യാമറകളിൽ കറുത്ത സ്പ്രേ പെയിൻറ് അടിച്ച ശേഷമായിരുന്നു കവർച്ച. പുലർച്ചെ 3നും 4നും ഇടയ്ക്കാണ് മോഷണം നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എ ടി എം തകർത്ത് കാറിൽ വന്ന നാലംഗ സംഘം മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
3 എ ടി എമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ടമായതായാണ് വിലയിരുത്തുന്നത്.