
അൻവർ ഷരീഫ്
കോഴിക്കോട് : ലഹരി മരുന്നുമായി ബന്ധപ്പെട്ട് പിടിയിലാവുന്നവരുടെ സ്വത്തുക്കളും ,ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതടക്കമുള്ള കർശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ എ ഉമേഷ് (Drug cases). കോഴിക്കോട് വിവിധ ഇടങ്ങളിലായി ഇന്ന് നടത്തിയ ലഹരിക്കെതിരെയുള്ള റെയ്ഡിനെ കുറിച്ച് മാധ്യമങ്ങൾക്ക് വിവരം നൽകുന്നതിന് വേണ്ടി വിളിച്ച വാർത്താ സമ്മേളനത്തിലാണ് അസിസ്റ്റൻറ് കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്. 20 ലക്ഷത്തോളം വില വരുന്ന 500 ഗ്രാം എംഡി എംഎയാണ് ഇന്ന് പുലർച്ചെയും രാവിലെയും നടത്തിയ റെയ്ഡിൽ പിടികൂടിയത്. കൂടാതെ കോഴിക്കോട് നഗരത്തിൽ നിന്നും 50 ഗ്രാം ബ്രൗൺഷുഗറും ഡാൻസാഫിന്റെയും മെഡിക്കൽ കോളേജ് പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടികൂടി.
ഒരു ഭാഗത്ത് ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികളുമായി മുന്നോട്ടു പോകുമ്പോൾ മറുഭാഗത്ത് കർശനമായ നടപടികളുമായി പോലീസ് പോകുന്നുണ്ടെന്നും അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു. കർണാടക പോലുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് കോഴിക്കോട്ടേക്ക് വ്യാപകമായി ലഹരി മരുന്നുകൾ വരുന്നത്. പോലീസിന്റെ കണ്ണു വെട്ടിക്കുന്നതിനുവേണ്ടിപാതിവഴിയിൽ ബസിറങ്ങി ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ വിളിച്ചാണ് ലഹരി നഗരത്തിലേക്ക് എത്തിക്കുന്നത്. ഈ തന്ത്രം മനസ്സിലാക്കിയാണ് ഇന്ന് ഡാൻസാഫും പോലീസുംഇന്ന് റെയ്ഡിനിറങ്ങിയത്.
ക്രിസ്തുമസും ന്യൂ ഇയറും അടുത്തതോടെ വരും ദിവസങ്ങളിലും ജനങ്ങളുടെ സഹകരണത്തോടെ ഇത്തരത്തിലുള്ള ശക്തമായ പരിശോധനകളുമായി മുന്നോട്ടുപോകുമെന്നും അസിസ്റ്റൻറ് കമ്മീഷണർ വ്യക്തമാക്കി. നാർക്കോട്ടിക് അസിസ്റ്റൻറ് കമ്മീഷണർ കെ. ബോസ്, മെഡിക്കൽ കോളേജ് എസ് ഐ മാരായ അരുൺ, സെയ്ഫുള്ള എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.