റാന്നി: വിവാഹവാഗ്ദാനം നൽകി 21കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കോയിപ്രം പൊലീസ് പിടിയിലാക്കി. തിരുവനന്തപുരം കാട്ടാക്കട മുതിയവിള ചിത്തിരനിവാസിൽ കിരൺ രാജ് (21) ആണ് അറസ്റ്റിലായത്.
രണ്ടുവർഷത്തിലധികമായി നിരണം കടപ്രയിൽ വാടകക്ക് താമസിച്ച് പഠിക്കുന്ന ഇയാൾ പരിചയത്തിലായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകി വിശ്വസിപ്പിച്ച ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബർ 11ന് രാവിലെ തടിയൂരുള്ള അരുവിക്കുഴി വെള്ളച്ചാട്ടം കാണുന്നതിന് കൂട്ടിക്കൊണ്ടു പോയശേഷമാണ് ആദ്യമായി പീഡിപ്പിച്ചത്.
പിന്നാലെ യുവതിയെ ഭീഷണിപ്പെടുത്തിയും പീഡനത്തിന് ഇരയാക്കി. ജനുവരി നാലിന് ഇൻസ്റ്റഗ്രാം വഴി യുവതിയുടെ നഗ്നചിത്രങ്ങളും ആവശ്യപ്പെട്ടു. പിന്നീട് സൗന്ദര്യവും സാമ്പത്തികവും ഇല്ലെന്ന് പറഞ്ഞു ബന്ധത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ യുവതിയെ ബ്ലോക്ക് ചെയ്തു. യുവതിയുടെ പരാതിയിൽ കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ താമസസ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്തു.