

ന്യൂഡൽഹി: വീട്ടിൽ പിസ്സ (Pizza) പങ്കുവെച്ചതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് വെടിവെപ്പിൽ.ഡൽഹിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. സാദ്മ എന്ന യുവതിയെയാണ് വെടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഭർതൃസഹോദരഭാര്യയുടെ സഹോദരന്മാരാണ് യുവതിയെ വെടിവെച്ചത്.
വെടിയേറ്റ സാദ്മയുടെ ഭർതൃസഹോദരൻ സീഷൻ വീട്ടിലേക്ക് പിസ്സ വാങ്ങിയതിൽ നിന്നാണ് പ്രശ്നത്തിന്റെ തുടക്കം. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പിസ്സ വാങ്ങിയ സീഷൻ ഇളയ സഹോദരനായ ജാവേദിന്റെ ഭാര്യ സാദ്മയുൾപ്പെടെ എല്ലാവർക്കും പങ്കിട്ട് നൽകുകയും ചെയ്തു. എന്നാൽ സീഷന്റെ ഭാര്യ സാദിയയ്ക്ക് ഇക്കാര്യത്തോട് താൽപര്യമുണ്ടായിരുന്നില്ല. സാദ്മയോടുള്ള പിണക്കമായിരുന്നു ഇതിനുപിന്നിൽ.ഇതിന്റെ പേരിൽ വാക്കുതർക്കമുണ്ടാകുകയും വെടിവയ്പ്പോൾ കലാശിക്കുകയുമായിരുന്നു .
വാക്കുതർക്കം രൂക്ഷമായതോടേ സാദിയ തന്റെ നാല് സഹോദരന്മാരായ മുന്റാഹിർ, തഫ്സീർ, ഷഹ്സാദ്, ഗുൽറെജ് എന്നിവരെ വിളിച്ച് വിവരം അറിയിച്ചു. സഹോദരന്മാർ സാദിയയുടെ ഭർതൃകുടുംബവുമായി പ്രശ്നമുണ്ടാവുകയും ചെയ്തു. വാക്കുതർക്കം രൂക്ഷമായതോടെയാണ് മുന്റാഹിർ തോക്കെടുത്ത് സാദ്മയ്ക്ക് നേരെ വെടിയുതിർത്തത്. പിന്നാലെ സാദ്മയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും സാദിയയുടെ സഹോദരന്മാരെ മുറിയിലിട്ട് പൂട്ടി പോലീസുകാരെ ഏൽപ്പിക്കുകയുമായിരുന്നു.