
അഹമ്മദാബാദ്: ഗുജറാത്ത് സമുദ്രാതിർത്തിയിൽ കപ്പലിൽ നിന്ന് 700 കിലോ മാരക ലഹരിമരുന്നായ മെതാംഫിറ്റമിൻ പിടികൂടി (Massive drug hunt). സംഭവത്തിൽ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്ത കപ്പലിലൂടെ മയക്കുമരുന്ന് കടത്തുന്നതായി ഇന്ത്യൻ നാവികസേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ശക്തമായ നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് , ഇന്ന് ഒരു വിദേശ കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ചപ്പോൾ ഇന്ത്യൻ നേവിയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഗുജറാത്ത് സ്റ്റേറ്റ് ആൻ്റി ടെററിസം സ്‌ക്വാഡും ചേർന്ന് പരിശോധന നടത്തി. ഇതിൽ 700 കിലോ മെത്താംഫെറ്റാമിൻ പിടിച്ചെടുക്കുകയായിരുന്നു. തുടർന്നാണ് 8 വിദേശികളെ കസ്റ്റഡിയിൽ എടുത്തത്. അവർ ഇറാനിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത്തരം രേഖകളൊന്നും അവരുടെ പക്കലില്ലെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായവർ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിൽ പെട്ടവരാണെന്ന് വെളിപ്പെടുത്തിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലഹരി വേട്ട നടത്തിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.