
ബെംഗളൂരു: സിനിമാ സംവിധായകനുമായി നടത്തിയ ചർച്ചയ്ക്കിടെ ഡബിൾ ബാരൽ തോക്കിൽ നിന്ന് വെടിയുതിർത്ത സംഭവത്തിൽ നടൻ താണ്ഡവേശ്വര് എന്നറിയപ്പെടുന്ന താണ്ഡവ് റാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം , സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.(Actor Thandav Ram arrested )
ഭരത് സംവിധാനം ചെയ്ത 'മുഗിൽപേട്ട'യിൽ താണ്ഡവ് റാം അഭിനയിച്ചിരുന്നു. ഇതിനിടെ 'ദേവനാമ്പ്രിയ' എന്ന സിനിമയുടെ ചിത്രീകരണം വൈകുന്നത് സംബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് താണ്ഡവ് റാം, ഭരത്, നിർമ്മാതാവ് കുമാരസ്വാമി എന്നിവർ ചന്ദ്ര ലേഔട്ടിലെ ഓഫീസിൽ ചർച്ച നടത്തുന്നതിനിടെയാണ് നടൻ വെടിയുതിർത്തത്. തോക്കിൽ നിന്നുള്ള ബുള്ളറ്റ് ഓഫീസിൻ്റെ മേൽക്കൂരയിൽ പതിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി 'ദേവനാമ്പ്രിയ'യുടെ ഷൂട്ടിംഗ് മുടങ്ങിക്കിടക്കുകയായിരുന്നു, താണ്ഡവ് റാം ചിത്രവുമായി ബന്ധപ്പെട്ട് 6 ലക്ഷം രൂപ മുടക്കിയിരുന്നു. അടുത്തിടെ, ഹാസനിലെ കുമാരസ്വാമി എന്നയാൾ ചിത്രം നിർമ്മിക്കാൻ മുന്നോട്ട് വന്നിരുന്നു, എന്നാൽ സംവിധായകൻ ഭരത് ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തിൽ താണ്ഡവ് റാം ഭരതിനോട് ആറ് ലക്ഷം രൂപ തിരികെ ചോദിച്ചിരുന്നു, എന്നാൽ ഭരത് ഇതിനു തയ്യാറായില്ല. ഇതോടെയാണ് പ്രകോപിതനായ താണ്ഡവ് റാം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തത്.
സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായും ലൈസൻസുള്ള ഡബിൾ ബാരൽ ബ്രീച്ച് ലോഡിംഗ് തോക്കും പിടിച്ചെടുത്തതായും പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു.