
എറണാകുളം: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ വലയിലാക്കിയ ശേഷം മർദിച്ച് വീഡിയോ പകർത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ ആറു പേർ അറസ്റ്റിൽ (Dating app fraud). ഇടപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിൽ , കോഴിക്കോട് കല്ലായി പൂച്ചങ്ങൽ വീട്ടിൽ അജ്മൽ (23), മലപ്പുറം മമ്പാട് നിലമ്പൂർ കീരിയത്തു വീട്ടിൽ ഫർഹാൻ (23), നിലമ്പൂർ അരിവക്കോട് മേലേപുത്തൻവീട്ടിൽ അനന്തു (22), മലപ്പുറം എടക്കര കാർക്കുയിൽ വീട്ടിൽ മുഹമ്മദ് സിബിനു സാലി (23), കണ്ണൂർ ഉരുവച്ചാൽ അടിയോട് വീട്ടിൽ റയാസ് (26), മട്ടന്നൂർ ഫാത്തിമ മൻസിൽ സമദ് (27) എന്നിവരെയാണ് തൃക്കാക്കര സി.ഐ. എ.കെ. സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഡേറ്റിങ് ആപ്പിലൂടെ കെണിയിൽപ്പെടുത്തിയ യുവാവിനെ പ്രതികൾ താമസിച്ചിരുന്ന കാക്കനാട് പടമുകളിലെ വീടിനു സമീപത്തേക്ക് രാത്രി വിളിച്ചുവരുത്തി മർദിക്കുകയും , മൊബൈൽ ഫോൺ കൈക്കലാക്കുകയുമായിരുന്നു. കൂടാതെ താൻ സ്വവർഗാനുരാഗിയാണെന്ന് യുവാവിനെക്കൊണ്ട് പറയിപ്പിക്കുന്ന വീഡിയോ ഇവർ പകർത്തുകയും ചെയ്തതായും പോലീസ് പറയുന്നു.
തുടർന്ന്, ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ ഈ വീഡിയോ വാട്സാപ്പ് വഴി പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. സംഘത്തിന്റെ ഭീഷണി ഭയന്ന യുവാവ് അടുത്ത ദിവസം വൈകീട്ട് പണം നൽകാമെന്നു സമ്മതിച്ചതോടെ വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തിയ യുവാവ് സംഭവം പിതാവിനെ അറിയിച്ചതോടെ വീട്ടുകാർ തൃക്കാക്കര പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളിൽനിന്ന് പത്ത് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. സംഘം ഡേറ്റിങ് ആപ്പിലൂടെ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു