
ജാമുയി: ബിഹാറിലെ ജാമുയിയിൽ പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ കൗമാരക്കാരൻ വിദ്യാർത്ഥിനിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. വിദ്യാർഥിനിയുടെ കഴുത്തിലും വയറിലും പ്രതി ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ചതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു.
ബുധനാഴ്ച വൈകീട്ട് മഹിസൗരി ചൗക്കിന് സമീപമാണ് സംഭവം. പരിക്കേറ്റ 14 വയസ്സുള്ള വിദ്യാർത്ഥി നഗരത്തിലെ ഒരു പ്രദേശവാസിയാണ്, പ്രതി 17 കാരനായ ആഷിഖ് ടൗൺ പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്നു. ബുധനാഴ്ച വൈകീട്ട് പതിവുപോലെ ക്‌ളാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ തടഞ്ഞു നിർത്തി സംസാരിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി സംസാരിക്കാൻ വിസമ്മതിച്ചപ്പോൾ പ്രതി കത്തി ഉപയോഗിച്ച് മൂന്ന് തവണ ആക്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനി ഇപ്പോൾ സദർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ കൗമാരക്കാരനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു വർഷം മുമ്പാണ് തങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ സംസാരിച്ചു തുടങ്ങിയതെന്നും എന്നാൽ കുറച്ച് മാസങ്ങളായി വിദ്യാർത്ഥി സംസാരിച്ചിരുന്നില്ലെന്നും ആഷിഖ് പറയുന്നു. സംസാരിക്കാത്തതിൻ്റെ കാരണം അറിയാൻ യുവാവ് വിദ്യാർത്ഥിയെ സമീപിച്ചെങ്കിലും വിദ്യാർത്ഥി സംസാരിക്കാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ ഇയാൾ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.