
ചിക്കോടി: ഒമ്പത് മാസം ഗർഭിണിയായ യുവതിയെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ, പതിമൂന്ന് ദിവസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ (Pregnant woman brutally murdered). അത്താണി താലൂക്കിലെ ചിക്കുട ഗ്രാമത്തിൽ താമസിക്കുന്ന രാച്ചയ്യ എന്നയാളെയാണ് ഒളിവിൽ കഴിയവേ , മഹാരാഷ്ട്രയിലെ മിറാജിൽ നിന്ന് പോലീസ് പിടികൂടിയത്. ഒമ്പത് മാസം ഗർഭിണിയായ അത്താണി താലൂക്കിലെ ചിക്കുട ഗ്രാമത്തിൽ താമസിക്കുന്ന സുവർണയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സുവർണയുടെ സഹോദരി ഭർത്താവാണ് അറസ്റ്റിലായ രാച്ചയ്യ. കടം വാങ്ങിയ 50,000 രൂപ തിരികെ ചോദിച്ചതിനെ തുടർന്നാണ് രാച്ചയ്യ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
മൂത്ത സഹോദരിയുടെ ഭർത്താവായ രാച്ചയ്യയ്ക്ക് സുവർണ ഏതാനും മാസങ്ങൾ 50,000 രൂപ കടം നൽകിയിരുന്നു. ഈയിടെ, തൻ്റെ പ്രസവ ചെലവുകൾ ചൂണ്ടിക്കാട്ടി അവർ പണം തിരികെ ചോദിച്ചു. എന്നാൽ പ്രതി പണം കൊടുക്കാതിരിക്കാനുള്ള പദ്ധതികളായിരുന്നു ആസൂത്രണം ചെയ്തത്. അതനുസരിച്ച്, ബാഗൽകോട്ട് താലൂക്കിലെ ടെർഡലിൽ നിന്ന് ചിക്കുഡ ഗ്രാമത്തിലെത്തി സുവർണയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബെലഗാവി എസ്പി ഭീമശങ്കർ ഗുലേദ് പറഞ്ഞു.
ഒളിവിൽ പോയ രാച്ചയ്യ പലയിടങ്ങളിൽ മാറിത്താമസിച്ചു, ഒടുവിൽ മിറാജിൽ നിന്ന് പോലീസ് അവനെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി എസ്പി പറഞ്ഞു.