
മോത്തിഹാരി: ബിഹാറിലെ മോത്തിഹാരിയിൽ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി. നഗരത്തോട് ചേർന്നുള്ള രഘുനാഥ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപൂർ വളവിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. വിവേക് കുമാർ എന്നയാളാണ് മരിച്ചത് (Young man shot dead). ആരോ വിവേകിനെ വിളിച്ച് വണ്ടിയിൽ പെട്രോൾ തീർന്നു, എവിടെ നിന്നെങ്കിലും പെട്രോൾ എത്തിക്കണം എന്ന് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ലക്ഷ്മിപൂർ വളവിന് സമീപം കുപ്പിയിൽ പെട്രോളുമായി എത്തിയ വിവേകിനെ ബൈക്കിലെത്തിയ അക്രമികൾ തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
വെടിയേറ്റ ശേഷം വിവേക് രക്തത്തിൽ കുളിച്ച് ഏറെ സമയം റോഡരികിൽ കിടന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തുള്ളവർ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയച്ചു.
നവംബർ 24നാണ് വിവേകിൻ്റെ വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.