
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ 30 വർഷം തടവിന് ശിക്ഷിക്കപ്പെട്ട യുവാവിന് വീണ്ടും അതേപെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ 36 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി (Man sentenced). തടവിന് പുറമെ ഒരുലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
താമരക്കുളം കൊട്ടക്കാശ്ശേരിചിറമൂല വടക്കേതിൽ അനൂപിനെ(24)യാണ് കോടതി ശിക്ഷിച്ചത്. അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.മഞ്ജിത്താണ് കേസിൽ വിധി പറഞ്ഞത്. കൂട്ടബലാത്സംഗക്കേസിൽ രണ്ടുദിവസംമുൻപാണ് അനൂപിന് ഇതേകോടതി 30 വർഷം കഠിനതടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇയാൾക്കൊപ്പം സുഹൃത്തുക്കളായ ശക്തി, അഭിജിത്ത് എന്നിവരെയും കോടതി ശിക്ഷിച്ചു. ഇവർ രണ്ടുപേരും മുപ്പതും നാല്പതും വർഷം ശിക്ഷ ലഭിച്ച് ജയിലിലാണ്. 2022-ൽ ഇതേപെൺകുട്ടിയെ കഞ്ചാവുബീഡി നൽകി അനൂപ് പീഡിപ്പിച്ചിരുന്നു. ഈ കേസിലാണ് തിങ്കളാഴ്ചകോടതി വിധി പറഞ്ഞത്.
അന്നത്തെ അടൂർ എസ്.എച്ച്.ഒ. എസ്.ശ്രീകുമാറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.സ്മിത ജോൺ ഹാജരായി. എസ്.സ്മിത, ദീപകുമാരി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.