
കോലാർ: കർണാടകയിലെ മുൾബഗൽ താലൂക്കിലെ രാജേന്ദ്രഹള്ളിയിലെ ഒറ്റപ്പെട്ട വീട്ടിൽ മൂർച്ചയേറിയ ആയുധങ്ങളുമായെത്തിയ നാല് മോഷ്ടാക്കൾ (Theft), വീട്ടിലുണ്ടായിരുന്ന എട്ട് പേരെയും കെട്ടിയിട്ട ശേഷം കവർച്ച നടത്തി. 300 ഗ്രാം സ്വർണാഭരണങ്ങളും 4.7 ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. വെള്ളിയാഴ്ച രാത്രിയാണ് പ്രദേശത്തെ ആകെ ഞെട്ടിച്ച കവർച്ച നടന്നത്.
രാത്രി 11 മണിയോടെയാണ് വീട്ടിലെത്തിയ മോഷ്ടാക്കൾ, പരിചയക്കാരെന്ന വ്യാജേന വീട്ടുടമ ഹരീഷിനെ വിളിക്കുകയായിരുന്നു. തുടർന്ന് ഹരീഷ് വാതിൽ തുറന്നപ്പോൾ മൂർച്ചയേറിയ ആയുധങ്ങളുമായി അകത്തുകയറിയ ഇവർ ഇയാളെ കെട്ടിയിട്ട് വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൈമാറണമെന്ന് ആവശ്യപ്പെട്ടു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ പണവും സ്വർണാഭരണങ്ങളും കൈമാറാൻ ഹരീഷിൻ്റെ മുത്തച്ഛൻ നാരായണപ്പ സമ്മതിച്ചു. ഇതിനിടെ സംഘത്തിലുണ്ടായിരുന്നവർ വീട്ടുകാരെബന്ദിയാക്കിയിരുന്നു.
വൃദ്ധരും സ്ത്രീകളും കുട്ടികളുമടക്കം എല്ലാ കുടുംബാംഗങ്ങളെയും കെട്ടിയിട്ട് അലമാര കുത്തിത്തുറന്ന് 4.70 ലക്ഷം രൂപയ്ക്ക് പുറമേ സ്വർണ്ണ ഇയർ സ്റ്റഡുകളും വളകളും സ്വർണ്ണ ചെയിനുകളും മോഷ്ടാക്കൾ കവർന്നു. തുടർന്ന് ഇവർ ഓടി രക്ഷപ്പെടുന്നതിനിടെ വീട് പുറത്തുനിന്ന് പൂട്ടുകയും ചെയ്തു.
വീടിനു സമീപത്തുള്ളവർ വിവരം അറിഞ്ഞതോടെ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തിയാണ് വീട്ടുകാരെ മോചിപ്പിച്ചത്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമായി സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ,പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന് കോലാർ എസ്പി നിഖിൽ ബി പറഞ്ഞു.