
താനെ: മൊബൈൽ ഫോണിൽ അധികം നോക്കരുതെന്ന് അമ്മ പറഞ്ഞതിനെ തുടർന്ന് പിണങ്ങി വീട് വിട്ടിറങ്ങിയ പതിനഞ്ചുകാരിയെ ഒമ്പത് ദിവസത്തിന് ശേഷം, മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി (15-year-old girl body found ). താനെ ജില്ലയിലെ ഡോംബിവിലി പ്രദേശത്താണ് പെൺകുട്ടി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
കൂടുതൽ സമയം മൊബൈൽ ഫോണിൽ ചെലവഴിക്കരുതെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഡിസംബർ അഞ്ചിന് അമ്മ പെൺകുട്ടിയെ ഉപദേശിച്ചു. ഇതേത്തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് വിഷ്ണുനഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
മകൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അടുത്ത ദിവസം വീട്ടുകാർ ലോക്കൽ പോലീസിൽ പരാതി നൽകി. പിന്നീട് തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെ , ഡിസംബർ അഞ്ചിന് ഡോംബിവിലിയിലെ മൊഗാവ് പാലത്തിൽ നിന്ന് പെൺകുട്ടി തോട്ടിലേക്ക് ചാടിയതായി പോലീസിന് സന്ദേശം ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെ മൃതദേഹം തോട്ടിൽ കണ്ടെത്തുകയും വീട്ടുകാർ പെൺകുട്ടിയെ തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.