
മുംബൈ: ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 18,461 കേസുകൾ രജിസ്റ്റർ ചെയ്തു (Bank fraud). തട്ടിപ്പിൻ്റെ എണ്ണം എട്ട് മടങ്ങ് വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പതിനെട്ടായിരത്തിലധികം കേസുകളിലായി 21,367 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.
2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ബാങ്കിംഗ് മേഖലയുടെ പ്രവണതയെയും പുരോഗതിയെയും കുറിച്ചുള്ള ഒരു റിപ്പോർട്ട് ആർബിഐ ഇന്നലെ പുറത്തിറക്കിയിരുന്നു. ഈ റിപ്പോർട്ടിലാണ് തട്ടിപ്പ് സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.
വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെയും നടപ്പു സാമ്പത്തിക വർഷത്തിലെയും പ്രകടനത്തിൻ്റെ വിശദാംശങ്ങൾ റിപ്പോർട്ടിൽ നൽകിയിരിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 2,623 കോടി രൂപയുടെ 14,480 ബാങ്ക് തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
നടപ്പു സാമ്പത്തിക വർഷം ഇക്കാലയളവിൽ 18,461 കേസുകൾ രജിസ്റ്റർ ചെയ്യുകയും 21,367 കോടി രൂപയുടെ തട്ടിപ്പ് നടത്തുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് തട്ടിപ്പ് തുകയുടെ മൂല്യം എട്ട് മടങ്ങ് കൂടുതലാണെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.