
ബെലഗാവി: ഭാര്യക്ക് സ്വർണമാല വാങ്ങുന്നതിനായി എടിഎമ്മിൽ നിന്ന് 8.65 ലക്ഷം രൂപ മോഷ്ടിച്ച സ്വകാര്യ ബാങ്കിലെ ജീവനക്കാരൻ അറസ്റ്റിൽ (ATM robbery ). എച്ച്‌ഡിഎഫ്‌സി ബാങ്കിലെ കരാർ ജീവനക്കാരനും നഗരത്തിലെ കാൻഗ്രള്ളി ജ്യോതി നഗർ താമസക്കാരനുമായ കൃഷ്ണ സുരേഷ് ദേശായി (23) ആണ് പിടിയിലായത്.
എടിഎമ്മിൽ പണം നിറയ്ക്കുന്നതിൻ്റെ ചുമതല കൃഷ്‌ണക്കായിരുന്നു. നവംബർ 26 ന് മറ്റ് ജീവനക്കാർക്കൊപ്പം എത്തി, എടിഎമ്മിൽ പണം നിറച്ച ശേഷം മടങ്ങി പോയ ഇയാൾ വൈകുന്നേരം തിരിച്ചെത്തി താക്കോൽ ഉപയോഗിച്ച് എടിഎം തുറന്ന് പണത്തിൻ്റെ കെട്ടുകൾ ഒരു ബാക്ക്പാക്കിൽ കുത്തി നിറച്ച് കൊണ്ട് പോകുകയായിരുന്നു.
രണ്ട് ദിവസത്തിന് ശേഷം മോഷണവിവരം അറിഞ്ഞ ബാങ്ക് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ നവംബർ 30ന് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യക്ക്ന സ്വർണം വാങ്ങാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്വർണാഭരണങ്ങളും പരാതിയിൽ നിന്നും പിടികൂടിയിട്ടുണ്ട്.
പരാതി പ്രകാരം എടിഎമ്മിൽ നിന്ന് 8.65 ലക്ഷം രൂപ അപഹരിച്ചതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി ബാങ്കിലെ തന്നെ ജീവനക്കാരനാണെന്ന് മനസ്സിലായെന്നും ചൊവ്വാഴ്ച മാധ്യമങ്ങളെ കണ്ട പോലീസ് കമ്മീഷണർ ഐഡ മാർട്ടിൻ മാർബാനിയാങ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും അദ്ദേഹം പറഞ്ഞു.