
തുമകൂർ: രാജ്യത്ത് സൈബർ തട്ടിപ്പ് കേസുകൾ അനുദിനം വർധിച്ചു വരികയാണ്,ഇപ്പോളിതാ കർണാടകയിലെ തുമകൂരിലുള്ള സർക്കാർ ജീവനക്കാരനെ ആറ് മണിക്കൂർ ഡിജിറ്റലായി അറസ്റ്റ് ചെയ്ത് 19 ലക്ഷം രൂപ കവർന്നെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് (Digital arrest).
തട്ടിപ്പിനിരയായ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് മുംബൈ ക്രൈംബ്രാഞ്ച് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഇയാളുടെ അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് ആരോപണം. ഇരയുടെ പേരിൽ മറ്റൊരു സിം കാർഡ് ഉണ്ട്, ആ സിം കാർഡ് തട്ടിപ്പുകൾ നടത്താൻ ഉപയോഗിക്കുന്നു. അതിനാൽ, ഈ രണ്ട് കേസുകളുമായി ബന്ധപ്പെട്ട് നിങ്ങളുടെ സ്വത്ത് പിടിച്ചെടുക്കുമെന്നും നിങ്ങളെയും അറസ്റ്റ് ചെയ്യുമെന്നും ഫോണിൽ വിളിച്ചവർ ഭീഷണിപ്പെടുത്തി.
പിന്നീട് പോലീസ് യൂണിഫോമിൽ ഒരാൾ വീഡിയോ കോളിൽ വരികയും, കൂടുതൽ ഭീഷണിപ്പെടുത്തുകയും ഇക്കാര്യം ആരെയും അറിയിക്കരുതെന്ന് പറയുകയും ചെയ്തു. രാവിലെ 8.30-ന് വിളിച്ച പ്രതികൾ ആറ് മണിക്കൂർ ചോദ്യം ചെയ്യാനെന്ന വ്യാജേന ഇരയെ വീഡിയോ കോൺഫറൻസ് കോളിൽ ഉൾപ്പെടുത്തി. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും അന്വേഷിച്ചപ്പോൾ ഭാര്യയുടെ പേരിൽ എഫ്ഡി സൂക്ഷിച്ചിട്ടുണ്ടെന്ന് ഇര പറഞ്ഞു.
തുടർന്ന് തങ്ങൾ നൽകിയ മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും അന്വേഷണം പൂർത്തിയാക്കിയ ശേഷം മുഴുവൻ തുകയും തിരികെ നൽകുമെന്നും തട്ടിപ്പുകാർ പറഞ്ഞു. തട്ടിപ്പിനിരയായയാൾ 19 ലക്ഷം രൂപ ആർടിജിഎസ് മുഖേന തട്ടിപ്പുകാരൻ്റെ അക്കൗണ്ടിലേക്ക് മാറ്റി. ഈ വിവരം അറിയിച്ചതോടേ , നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ച് 30 മിനിറ്റിനുള്ളിൽ നിങ്ങളെ ബന്ധപ്പെടുമെന്നും പറഞ്ഞ് പ്രതി ഫോൺ കട്ട് ചെയ്തു . പിന്നീട് അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ കണക്ട് ആയില്ല. ഇതോടെയാണ് താൻ തട്ടിപ്പിന് ഇരയായെന്നു സർക്കാർ ജീവനക്കാരൻ മനസ്സിലാക്കിയത് . തുടർന്ന് പോലീസിൽ പരാതി നല്കുകയായിരുന്നു.