

ബെംഗളൂരു: ബെംഗളൂരുവിൽ 29-കാരിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ ഒളിപ്പിച്ച സംഭവത്തിൽ (29 Year old woman murder in Bengaluru ) അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ച് ബെംഗളൂരു പോലീസ് . കുറ്റകൃത്യം അന്വേഷിക്കാൻ ബംഗളൂരു പൊലീസ് എട്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഝാർഖണ്ഡിൽ നിന്നുള്ള മഹാലക്ഷ്മി എന്ന 29 കാരിയെ കൊലപ്പെടുത്തിയ കേസ് പ്രദേശവാസികളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
ബെംഗളൂരുവിലെ വൈലിക്കാവൽ പ്രദേശത്തെ ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ മഹാലക്ഷ്മി എന്ന 29 കാരിയുടെ മൃതദേഹമാണ് 30 കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജിനുള്ളിൽ വച്ച നിലയിൽ കണ്ടെത്തിയത് (Woman's body found in fridge). 165 ലിറ്റർ റഫ്രിജറേറ്ററിൽ നിന്ന് 30 ശരീരഭാഗങ്ങൾ പോലീസ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കൂടുതൽ അവശിഷ്ടങ്ങൾ ഇനിയും കണ്ടെത്താനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഝാർഖണ്ഡ് സ്വദേശിനിയായ മഹാലക്ഷ്മി ഭർത്താവ് ഹേമന്ത് ദാസുമായുള്ള കുടുംബ വഴക്കിനെ തുടർന്ന് കഴിഞ്ഞ അഞ്ച് മാസമായി ഫ്‌ളാറ്റിൽ തനിച്ചായിരുന്നു താമസം.നാലുവയസ്സുള്ള മകളുള്ള ദമ്പതികൾ മുമ്പ് നെലമംഗലയിൽ ഒരുമിച്ചായിരുന്നു താമസം. അവരുടെ വേർപിരിയലിനുശേഷം, മഹാലക്ഷ്മി വയലിക്കാവൽ കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ ഒറ്റമുറി അപ്പാർട്ടുമെൻ്റിലേക്ക് മാറി.
ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതിനെ തുർന്ന് അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.
അയൽവാസികൾ ആദ്യം ദുർഗന്ധം വകവെച്ചെങ്കിലും താമസിയാതെ ഇത് അസഹനീയമായതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒടുവിൽ, സ്ഥിതിഗതികൾ പരിശോധിക്കാൻ അവർ മുകളിലത്തെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമ ജയറാമിനെ സമീപിച്ചു.
പുറത്തുനിന്ന് പൂട്ടിയിരുന്ന വാതിൽ തുറന്നപ്പോൾ ദുർഗന്ധം രൂക്ഷമായി. റഫ്രിജറേറ്റർ തുറന്നപ്പോൾ, മഹാലക്ഷ്മിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ജയറാം ഉടൻ തന്നെ പോലീസിനെയും കുടുംബത്തെയും വിവരം അറിയിക്കുകയായിരുന്നു.
കണ്ടെത്തുന്നതിന് നാലോ അഞ്ചോ ദിവസം മുമ്പാണ് മഹാലക്ഷ്മി കൊല്ലപ്പെട്ടതെന്നാണ് സൂചനയെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ (വെസ്റ്റ്) എൻ സതീഷ് കുമാർ പറഞ്ഞു. മൃതദേഹം റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ അവരുടെ മരണത്തിൻ്റെ കൃത്യമായ സമയം കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
മറ്റുള്ളവരുമായി അപൂർവ്വമായി ഇടപഴകുന്ന, തന്നിൽത്തന്നെ ഒതുങ്ങിനിൽക്കുന്ന ആളാണെന്നാണ്കൊല്ലപ്പെട്ട മഹാലക്ഷിമിയെ കുറിച്ച് അയൽവാസികൾ പറയുന്നത് . അവർ സാധാരണയായി രാവിലെ 9:30 ഓടെ ജോലിക്ക് പോകുകയും വൈകുന്നേരം 10:30 ഓടെ തിരിച്ചെത്തുകയും ചെയ്തു എന്നും അയൽവാസികളിൽ ഒരാൾ പറയുന്നു.
അതേസമയം , കേസ് അന്വേഷിക്കാൻ പോലീസ് എട്ട് സംഘങ്ങളെ രൂപീകരിച്ചു , ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മഹാലക്ഷ്മിയുടെ വേർപിരിഞ്ഞ ഭർത്താവ് ഹേമന്ത് ദാസിനെ ഇപ്പോൾ അധികൃതർ ചോദ്യം ചെയ്തുവരികയാണ്. മകൾക്കൊപ്പം നെലമംഗലയിൽ ആണ് ഇയാൾ താമസിച്ചിരുന്നത് .