തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ മന്ത്രി വി. ശിവൻകുട്ടി ആർഡിഒയ്ക്ക് നിർദ്ദേശം നൽകി. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. ശുചീകരണ പ്രവർത്തനങ്ങളിൽ പോരായ്മകൾ കണ്ടെത്തിയാൽ കർശനമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.(Minister V Sivankutty demands urgent report on waste removal after Attukal Pongala)
പൊങ്കാല കഴിഞ്ഞ രാത്രി തന്നെ നഗരം ക്ലീനാക്കിയെന്ന കോർപ്പറേഷന്റെയും ബിജെപിയുടെയും അവകാശവാദങ്ങൾക്കിടെ, പലയിടങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ക്ഷേത്ര പരിസരത്ത് ഇപ്പോഴും മാലിന്യം കെട്ടിക്കിടക്കുകയാണെന്ന് ആക്ഷേപമുണ്ട്.
മാലിന്യനീക്കം വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലറുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. എന്നാൽ ഇത് വെറും രാഷ്ട്രീയ നാടകമാണെന്നാണ് മേയറുടെ പ്രതികരണം. നഗരത്തിൽ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങൾ പലയിടത്തും പൊതുസ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും പരാതിയുണ്ട്.

