
വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായർ അന്തരിച്ചു. 91 വയസായിരുന്നു (M.T. Vasudevan Nair). ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്നാണ് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. തുടർന്നാണ് അന്ത്യം സംഭവിച്ചത്.
സാഹിത്യത്തിലും സിനിമയിലും നാടകത്തിലും, പത്രപ്രവര്‍ത്തനവും ഉള്‍പ്പെടെ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം കയ്യൊപ്പ് പതിച്ച അദ്ദേഹം നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത്, പത്രാധിപര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തി നേടിയിരുന്നു. പത്മഭൂഷണ്‍, ജ്ഞാനപീഠം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍, വയലാര്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെസി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം ,കേരള നിയമസഭ പുരസ്‌കാരം മുതലായ ലഭിച്ചിട്ടുണ്ട്.
പുന്നയൂര്‍ക്കുളത്ത് ടി നാരായണന്‍ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി 1933, ജൂലൈയില്‍ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമ പ്രദേശമായ കൂടല്ലൂരില്‍ ജനിച്ച മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എം.ടി എന്ന ചുരുക്കപ്പേരിലാണ് കേരളത്തിന്റെ സാംസ്‌ക്കാരിക മണ്ഡലത്തില്‍ അറിയപ്പെട്ടത്. മലമക്കാവ് എലിമെന്ററി സ്‌ക്കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌ക്കൂള്‍, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.പട്ടാമ്പി ബോര്‍ഡ് ഹൈസ്‌കൂള്‍, ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി. മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനുമായി. കോളേജ് കാലം മുതല്‍ രചനാവൈഭവം പ്രകടമാക്കിയ അദ്ദേഹം 'പാതിരാവും പകല്‍വെളിച്ചവും' എന്ന നോവലിലൂടെയാണ് സാഹിത്യ മേഖലയില്‍ ശ്രദ്ധേയനായത്.
1958 ല്‍ ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ 'നാലുകെട്ടി' നു കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. 1970 ല്‍ 'കാല' ത്തിലൂടെ കേന്ദ്ര സാഹിത്യ പുരസ്‌ക്കാരവും നേടി. പില്‍ക്കാലത്ത് 'സ്വര്‍ഗ്ഗം തുറക്കുന്ന സമയം', 'ഗോപുരനടയില്‍' എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം , സാഹിത്യജീവിതത്തിലെന്ന പോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് എം.ടിയുടെ സിനിമാജീവിതവും. സാഹിത്യജീവിതത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു അക്ഷരർത്ഥത്തിൽ അദ്ദേഹത്തിന്റെ സിനിമാജീവിതവും. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി. ചലച്ചിത്രലോകത്തേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അമ്പതിലേറെ ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. നിർമാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.