
തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ (Kerala Piravi). നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് നമ്മുടെ ഈ കൊച്ചു കേരള, ഇവിടുത്തെ ജനങ്ങളും. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നിൽക്കുകയായിരുന്നു മലയാളികൾ. 1947 ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് 5 ജില്ലകളെ കോർത്തിണക്കികൊണ്ട് ഐക്യ കേരളം പിറന്നത്. അങ്ങനെ 1956 നവംബർ ഒന്നിന് കേരളമെന്ന കൊച്ചു സംസ്ഥാനം യാഥാർത്ഥ്യമായി. മലയോരവും തീരവും ഇടനാടും വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍, അക്ഷരാർത്ഥത്തിൽ ദൈവത്തിന്‍റെ സ്വന്തം നാടായി നമ്മുടെ കൊച്ചു കേരളം മാറി.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് കേരളം നിലവിൽ വന്നത്. എന്നാൽ സംസ്ഥാന രൂപീകരണം നടക്കുന്നതിനു മുമ്പുതന്നെ കേരളം എന്ന് തന്നെയാണ് ഈ പ്രദേശത്തെ വിളിച്ചിരുന്നത് എന്നത് രസകരമായ വസ്തുതയാണ്. 1952ല്‍ ആന്ധ്രയില്‍ ഗാന്ധിയനായ ശ്രീരാമലു ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം അവശ്യപ്പെട്ട് ആഴ്ചകളോളം നിരാഹാര സത്യാഗ്രഹമനുഷ്ഠിച്ച് രക്തസാക്ഷിത്വം വഹിച്ചതിന് പിന്നാലെ 1953ൽ ആന്ധ്രാ സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായി. അതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഐക്യകേരളവും യാഥാർഥ്യമാകുന്നത്.
കേരളം എന്ന പേരിന്‍റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർ വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. പ്രാചീനകാലത്ത് കേരളം ഭരിച്ചിരുന്ന ചേരരാജാക്കന്മാരുമായി ചേർന്ന പദമാണിതെന്നാണ് ഒരുവാദം. സഹ്യപര്‍വതത്തിന് പടിഞ്ഞാറുള്ള പ്രദേശത്തെ ചേറളം (ചേറ് + അളം) എന്ന് വിളിച്ചു. ഈ ചേറളം പിന്നീട് ചേരളം ആയെന്നും 'ച' കാരത്തിന് സംസ്‌കൃതത്തില്‍ 'ക'കാരാദേശം വന്ന് കേരളം ആയി മാറുകയും ചെയ്തു എന്നാണ് ഒുവിഭാഗം പറയുന്നത്. കേരവൃക്ഷങ്ങള്‍ നിറഞ്ഞ പ്രദേശം ആയതിനാലാണ് കേരളം എന്ന പേരെന്ന വാദവും നിലവിലുണ്ട്. അതേസമയം പ്രാചീനകാലത്തെ പല കൃതികളിലും കേരളം എന്ന വാക്ക് ഉപയോഗിച്ചിരുന്നു.