
എല്ലാ വർഷവും പൊലിമയോടെ നാം ശിശു ദിനം ആഘോഷിക്കുന്നു. നവംബർ 14 ന് രാജ്യത്ത് ഉടനീളം പല വിധത്തിലുള്ള കാര്യപരിപാടികൾ സംഘടിപ്പിക്കുന്നു (Children's Day). സ്കൂളുകൾ മുതൽ മൈതാനങ്ങളിൽ വരെ നീങ്ങുന്ന ശിശു ദിന ആഘോഷങ്ങൾ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ ജവാഹർ ലാൽ നെഹ്റുവിന്റെ, നമ്മുടെ ചാച്ചജിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് ശിശുദിനം ആചരിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും അവരുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകേണ്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ശിശുദിനം.
കുട്ടികളെ ഏറെ സ്നേഹിച്ചിരുന്നു നെഹ്‌റു 1889 നവംബർ 14 പ്രയാഗ്‌രാജിലാണ് ജനിച്ചത്. തന്റെ തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിന് ഇടയിലും കുട്ടികളുമായി സംവദിക്കുന്നതിനായി അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കുട്ടികളുടെ വളർച്ചയ്ക്ക് വിദ്യാഭ്യാസത്തിന്റെ പങ്ക് മനസിലാക്കിയ നെഹ്‌റു ഇന്ത്യയിൽ ഉടനീളം നിരവധി വിദ്യാലയങ്ങൾ പണിതീർത്തു.
"ഇന്നത്തെ കുട്ടികൾ നാളത്തെ ഇന്ത്യയെ നിർമ്മിക്കും" എന്ന് നെഹ്റുവിന്റെ പ്രസ്താവനയിൽ തന്നെയുണ്ട് വിദ്യാഭ്യാസത്തിനായുള്ള നെഹ്‌റുവിൻ്റെ കാഴ്ചപ്പാട്.സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം പോലുള്ള വിപ്ലവകരമായ നയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു, കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടികൾ), നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങൾ നെഹ്റുവിന്റെ മേൽനോട്ടത്തിൽ സ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ സർക്കാർ ദേശീയ ചിൽഡ്രൻസ് ഫണ്ട്, പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനായി സന്നദ്ധ സംഘടനകൾക്കുള്ള സഹായ പദ്ധതി തുടങ്ങിയ സംരംഭങ്ങളും ആരംഭിച്ചു. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയതും ആദ്ദേഹമാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത ശാശ്വതമായ കൈയൊപ്പ് അവശേഷിപ്പിച്ചു. ഒരു പക്ഷെ നെഹ്റുവിനെ പോലെ കുട്ടികളുടെ ഭാവിക്കുവേണ്ടി ചിന്തിച്ച അല്ലെങ്കിൽ ചിന്തകൾ പ്രാവർത്തികമാക്കിയ മറ്റൊരു നേതാവ് ഉണ്ടാക്കില്ല. 1964-ൽ നെഹ്രുവിന്‍റെ മരണശേഷമാണ് ദേശീയതലത്തില്‍ നവംബർ 14 ശിശുദിനമായി ആചരിക്കുവാൻ തുടങ്ങിയത്.
നമ്മുടെ രാജ്യത്തിന്റെ എല്ലാ കോണുക്കളിലും ശിശു ദിനം ആഘോഷിക്കുന്ന വേളയിൽ നാം ചിന്തിക്കേണ്ടത് നമ്മുടെ രാജ്യത്തിൽ കുട്ടികൾ സുരക്ഷിതരെന്നോ എന്നാണ്. ഓരോ ദിവസവും ഓരോ മണിക്കൂറിലും രാജ്യത്തിന്റെ പല പ്രദേശങ്ങളിൽ നിന്നും ലിംഗ വിത്യാസമില്ലാതെ കുഞ്ഞുങ്ങൾ ചൂഷണത്തിന് ഇരയാവുന്നതാണ്. ലോകത്തിന്റെ വർണ്ണ ശോഭ ആസ്വദിക്കണ്ട ഇവർ ജീവിതത്തിന്റെ നിറങ്ങൾ മങ്ങി ചൂഷണത്തിന്റെ ഇരുട്ടിൽ അടയ്ക്കപ്പെടുന്നു. ഓരോ കുട്ടിയും ഓരോ പൗരൻ കൂടിയാണ് അവയുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. ഓരോ ശിശു ദിനവും നെഹ്റുവിന്റെ വാക്കുകളുടെ ശക്തമായ ഓർമപ്പെടുത്തൽ കൂടിയാണ് ഇന്നത്തെ കുട്ടികൾ നാളത്തെ ഇന്ത്യയെ നിർമ്മിക്കും. നാളത്തെ ഇന്ത്യയുടെ വളർച്ചയ്ക്കായി നാം സജ്ജരാകുമ്പോൾ ഇന്ന് ഓരോ കുട്ടിയേയും സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യം തന്നെയാണ്.