
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 13 ന് (കൊല്ലവർഷം 1199 വൃശ്ചികം 28). വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിലാണ് അന്നപൂര്‍ണ്ണേശ്വരിയായ ചക്കുളത്തമ്മയ്ക്ക് പൊങ്കാല (The famous Chakkulathukavu Pongala tomorrow). പുലർച്ചെ നിര്‍മ്മാല്യ ദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും കഴിഞ്ഞതിന് ശേഷം വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയെ തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്ന് കൈമാറുന്ന തിരിയില്‍ നിന്നും പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷും ചേർന്ന് പൊങ്കാല ഉദ്ഘാടനം ചെയ്യും. 11മണിക്ക് 500-ൽ അധികം വേദപണ്ഡിതന്മാരുടെ മുഖ്യകാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് 5 ന് കുട്ടനാട് എം.എല്‍ എ തോമസ് കെ. തോമസ്സിൻ്റെ അദ്ധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. ക്ഷേത്ര മുഖ്യാ കാര്യദർശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതിയും സമര്‍പ്പിക്കും. സാംസ്‌കാരിക സമ്മേളനം സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥിയായിരിക്കും. വെസ്റ്റ് ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ സി.വി ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തിൽ അഗ്നിപകരും.
പൊങ്കാലയുടെ വരവ് അറിയിക്കുന്ന പ്രധാന ചടങ്ങായ കാർത്തിക സ്തംഭം ഡിസംബർ 8 ന് ഉയർത്തിയിരുന്നു. മദ്ധ്യ തിരുവിതാംകൂറിലെ സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്നു ചക്കുള്ളത്തുകാവ് ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയാം.
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം
ആലപ്പുഴ ജില്ലയിൽ നീരേറ്റുപുറത്താണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട- ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ നിന്ന് തിരുവല്ലയിൽ നിന്നും 12 കിലോമീറ്റർ പടിഞ്ഞാറാണ് ചക്കുളത്തുകാവ്. പമ്പാനദിയും മണിമലയാറും ക്ഷേത്രത്തിൻ്റെ തെക്കും വടക്കും ദിശകളിലായി ഒഴുകുന്നു. ക്ഷേത്ര മുഖ്യ പ്രതിഷ്ഠയായ ആദിപരാശക്തി വനദുര്‍ഗ്ഗാ സ്വയംഭൂവായി വാഴുന്ന സങ്കൽപ്പത്തിൽ കിഴക്കോട്ട് ദര്‍ശനമായാണ് ഇവിടെയുള്ളത്.
വനശൈലാദ്രിവാസിനിയായ ശ്രീ ദുർഗ്ഗാസങ്കൽപ്പത്തിലാണ് ദേവി, ക്ഷേത്രത്തിൽ കുടികൊള്ളുന്നത്. ശിവൻ, അയ്യപ്പൻ, ഗണപതി, മുരുകൻ, യക്ഷി, നാഗരാജാവ്, നവഗ്രഹണങ്ങൾ എന്നിവ ക്ഷേത്രത്തിൻ്റെ ഉപദേവതകളാണ്. ചക്കുളത്ത് ദേവിക്ഷേത്രത്തിന് ഏകദേശം 3000 വർഷത്തിലേറെ പഴക്കമുള്ളതായി വിശ്വസിക്കപ്പെടുന്നു. എട്ടു കരങ്ങളുള്ള ദേവിയാണ് ചക്കുളത്തുകാവിലമ്മ എന്നാണ് വിശ്വാസം.
ക്ഷേത്ര ഐതിഹ്യം
ഐതിഹ്യ പ്രകാരം, പണ്ട് ക്ഷേത്രത്തിന് സമീപം കൊടും കാടായിരുന്നു. ഒരിക്കൽ ഈ കാട്ടിൽ വിറക് ശേഖരിക്കുവാനായി ഒരു വേടനും കുടുംബവും എത്തി. അപ്രതീക്ഷിതമായി ഒരു സർപ്പം വേടനെ കൊത്താനായി അടുത്തുവത്രെ. സർപ്പത്തിൻ്റെ കടിയിൽ നിന്നും രക്ഷപ്പെടുവാനായി വേടൻ ഉടൻതന്നെ സർപ്പത്തിന് നേരെ വെട്ടിയെങ്കിലും അത് രക്ഷപ്പെട്ടിരുന്നു. എന്നാൽ അൽപ്പസമയം കഴിഞ്ഞ് ഇതേ സർപ്പത്തെ കുളക്കരയിൽ ഒരു പുറ്റിനു മുകളിൽ കാണുകയും, വീണ്ടും അതിനെ വെട്ടുവാനായി വേടൻ ശ്രമിച്ചു. പക്ഷെ ഇത്തവണ ആ വെട്ടുകൊണ്ടത് ചിതൽപ്പുറ്റിലായിരുന്നു. വെട്ടേറ്റ് പുറ്റ് പൊട്ടി ജലപ്രവാഹമുണ്ടായി. അമ്പരന്നു നിന്ന വേടന് മുന്നിൽ നാരദ മുനി പ്രത്യക്ഷപ്പെട്ടു. വെള്ളത്തിന് പാലും തേനും കലർന്ന നിറം വരുമ്പോൾ ജലപ്രവാഹം അവസാനിക്കുമെന്ന് സന്യാസി വേടനോട് പറഞ്ഞു. പുറ്റിനുള്ളിൽ ആദിപരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ചാൽ ജഗദീശ്വരിയുടെ ഒരു പ്രതിഷ്ഠ കാണുവാൻ സാധിക്കുമെന്നും പറഞ്ഞ് പുറ്റുടച്ച് വിഗ്രഹം പുറത്തെടുത്തതിനു ശേഷം മുനി അപ്രത്യക്ഷനായി. മൺപുറ്റിൽ നിന്നും പുറത്തു വന്ന വിഗ്രഹം വേടൻ ആരാധിക്കാൻ ആരംഭിച്ചു. നിത്യേന വേടനും കുടുംബവും പാകം ചെയ്യുന്ന ഭക്ഷണത്തിന്‍റെ പങ്ക് വിഗ്രഹത്തിനു മുന്നിലും ആരാധനയോടെ സമര്‍പ്പിച്ചു. എന്നാൽ ഒരു ദിവസം ദേവിയ്ക്ക് കൃത്യസമയത്തിന് ഭക്ഷണം പാകം ചെയ്തു നൽകുവാൻ സാധിച്ചിരുന്നില്ല, അതീവ ദുഖിതരായിരുന്നു ഇവർ. എന്നാൽ അവർ മരച്ചോട്ടിൽ എത്തിയപ്പോഴേക്കും നിറയെ ഭക്ഷണം പാചകം ചെയ്തു വച്ചിരിക്കുന്നത് കണ്ടു. ആഹാര സാധനങ്ങൾ അവിടെയെത്തിയത് ദേവിയുടെ അനുഗ്രഹം കൊണ്ടാണെന്ന് മനസ്സിലാക്കിയ അവർ ഭക്തികൊണ്ട് ഉച്ചത്തിൽ ദേവീനാമങ്ങൾ ഉരുവിട്ടപ്പോൾ തീരാദുഃഖങ്ങളിൽ പോലും തന്നെ കൈവിടാത്തവര്‍ക്ക് ഞാൻ ദാസിയും തോഴിയുമായിരിക്കുമെന്നും ഭക്തിപൂര്‍വ്വം ആര് എവിടെ നിന്ന് വിളിച്ചാലും എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നും ദേവിയുടെ അശരീരി ഉണ്ടായി.വേടൻ്റെ ഭക്തിയുടെയും ദേവിയുടെ അനുഗ്രഹത്തിൻ്റെയും ഓർമ്മപ്പെടുത്തലായി ചക്കുളത്ത് കാവിൽ ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കുന്നു. ഭക്തർ അമ്മയ്ക്ക് പൊങ്കാലയിടുമ്പോൾ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ് വിശ്വാസം.
കാര്‍ത്തിക സ്തംഭം
ചക്കുളത്ത് ദേവിയ്ക്ക് പൊങ്കാല അർപ്പിക്കുന്ന അതെ ദിവസം തന്നെയാണ് കാർത്തിക സ്തംഭം ചടങ്ങും നടത്തുന്നത്. കവുങ്ങിൻ തടിയിൽ വാഴക്കച്ചി, തെങ്ങോല, പടക്കം, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാടകൾ പൊതിഞ്ഞ് കെട്ടിയാണ് കാർത്തിക സ്തംഭം ഉണ്ടാക്കിയിരിക്കുന്നത്. പൊങ്കാല ദിവസം ദീപാരാധനയോടനുബന്ധിച്ച് കാർത്തിക സ്തംഭം അഗ്നിക്ക് ഇരയാക്കും. ദേശത്തെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. അധർമ്മത്തിൻ്റെയും തിന്മയുടെയും പ്രതീകമായി ഈ സ്‌തംഭത്തെ കണക്കാക്കുന്നു. ഈ സ്തംഭം കത്തിക്കുന്നതിലൂടെ നാടിൻ്റെ സർവ്വ ദോഷങ്ങളും പാപങ്ങളും ഇല്ലാതെയാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
നാരീപൂജ
മദ്ധ്യ തിരുവിതാംകൂറിലെ സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ചക്കുളത്തുകാവ് ക്ഷേത്രം. നാരീപൂജയ്ക്ക് ഏറെ പ്രസിദ്ധമാണ്. ചക്കുളത്തുകാവിലെ ഏറ്റവും ശ്രദ്ധേയമായ അനുഷ്ഠാനമാണ് നാരീപൂജ. അലങ്കൃത പീഠത്തിൽ സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂർവ്വം പൂജാരി ഇവരെ ദുർഗ്ഗാസങ്കൽപ്പത്തിൽ പൂജിക്കുന്നു. നാരീപൂജയ്ക്ക് പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ സ്ത്രീകളുടെ പാദം കഴുകി ആദരിക്കുന്ന സവിശേഷമായ ഒരു ചടങ്ങുണ്ട്.
ചക്കുളത്തുകാവ് ക്ഷേത്രത്തിലെ നാരീപൂജ 2024 ഡിസംബർ 20 (ധനു 5) ആദ്യ വെള്ളിയാഴ്ച്ചയാണ്. ചക്കുളത്തുകാവിൽ അമ്മയുടെ ആറാട്ട്, തൃക്കൊടിയിറക്ക്, മഞ്ഞനീരാട്ട് 2024 ഡിസംബർ 27 വെള്ളിയാഴ്ച്ചയാണ്.