

ആലപ്പുഴ: കളര്‍കോട് അഞ്ചു മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ വാഹനം ഓടിച്ച വിദ്യാര്‍ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് (Kalarcode accident). കോടതിയില്‍ സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.വാഹനം ഓടിച്ച ഗൗരിശങ്കറെ കേസില്‍ പ്രതി ചേര്‍ക്കണമെന്നാണ് പോലീസിന്റെ ആവശ്യം. മനഃപൂര്‍വല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം , അപകടത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കെഎസ്ആര്‍ടിസിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.ഇതോടെ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.