സഹോദരങ്ങളെ കാണാൻ സ്വന്തം വീട്ടിൽ പോയതിന് വീട്ടമ്മക്ക് ക്രൂര മർദ്ദനം, കഴുത്തിൽ വെട്ടുകത്തിവെച്ച് വധഭീഷണിയും; ഭർത്താവ് അറസ്റ്റിൽ

സഹോദരങ്ങളെ കാണാൻ സ്വന്തം വീട്ടിൽ പോയതിന് വീട്ടമ്മക്ക് ക്രൂര മർദ്ദനം, കഴുത്തിൽ വെട്ടുകത്തിവെച്ച് വധഭീഷണിയും;  ഭർത്താവ് അറസ്റ്റിൽ
Published on

ആലപ്പുഴ: സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടിൽ പോയതിന്റെ വൈരാഗ്യത്തിൽ , ഭാര്യയെ ക്രൂരമായി മർദിക്കുകയും കഴുത്തിൽ വെട്ടുകത്തിവെച്ച് വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. ആലിശ്ശേരി വാർഡിൽ ചിറയിൽവീട്ടിൽ നസീർ (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

ഭാര്യ ഷക്കീല രാവിലെ ജോലിക്കു പോകുമ്പോൾ മകനോട് ചേർത്തലയിലുള്ള വീട്ടിൽപ്പോയി സഹോദരങ്ങളെ കണ്ടതിനുശേഷമേ തിരിച്ചെത്തുകയുള്ളൂവെന്നു പറയുന്നത് നസീർ കേട്ടിരുന്നു. തുടർന്ന് വൈകീട്ട് നിർമാണജോലിക്കുശേഷം മദ്യപിച്ചെത്തിയ നസീർ, വെട്ടുകത്തിയെടുത്ത് ഭാര്യയുടെ കഴുത്തിൽവെച്ച് അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും, വെട്ടുകത്തിയുടെ പിൻഭാഗംകൊണ്ട് മുഖത്തും മുതുകിലും മർദിക്കുകയുമായിരുന്നു.

മർദ്ദനത്തിന് ഇരയായ ഷക്കീല ആശുപത്രിയിൽ ചികിത്സതേടുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തിനുശേഷം നഗരത്തിന്റെ പലയിടങ്ങളിലായി ഒളിച്ചുനടക്കുകയായിരുന്നു നസീർ. സൗത്ത് പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ. കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡുചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com